റഷ്യൻ ക്രൂഡോയിൽ വാങ്ങുമോ; മറുപടിയില്ലാതെ കേന്ദ്രം ; കരാറില്‍ ദുരൂഹത നീങ്ങുന്നില്ല
print edition ‘50000 കോടി ഡോളറിന്റെ ഉൽപ്പന്നം വാങ്ങും’ ; ഒന്നൊന്നായി സ്ഥിരീകരിച്ച് മോദി സർക്കാർ

എം പ്രശാന്ത്
Published on Feb 06, 2026, 03:41 AM | 3 min read
ന്യൂഡൽഹി
ഇന്ത്യ– യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഏകപക്ഷീയ പ്രഖ്യാപനത്തിലെ അവകാശവാദങ്ങൾ ഒന്നൊന്നായി സ്ഥിരീകരിച്ച് കേന്ദ്ര ബിജെപി സർക്കാർ. അടുത്ത അഞ്ചുവർഷ കാലയളവിൽ 50000 കോടി ഡോളറിന്റെ (45 ലക്ഷം കോടി രൂപ) അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യക്ക് വാങ്ങേണ്ടി വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്‌റ്റ് തുടങ്ങിയ കുത്തക ക്ലൗഡ് സേവനദാതാക്കൾക്ക് 2047 വരെ ‘നികുതി അവധി’ നൽകിയത് പോലുള്ള പല ബജറ്റ് പ്രഖ്യാപനങ്ങളും യുഎസ് സമ്മർദപ്രകാരമാണെന്ന പരോക്ഷ സൂചനയും വാണിജ്യ മന്ത്രി നൽകി. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് തുടരുമോയെന്ന് വ്യക്തമാക്കിയതുമില്ല.
യുഎസ് ഉൽപ്പന്നങ്ങൾ ഇത്ര അളവിൽ വാങ്ങാമെന്ന ഉറപ്പൊന്നും കരാറിന്റെ ഭാഗമായിട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. എന്നാൽ, 2047 ഓടെ വികസിതഭാരം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സ്വഭാവികമായും കൂടുതൽ യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങേണ്ടിവരും. വലിയ അളവിൽ ഉൗർജം ആവശ്യമായി വരും. വലിയതോതിൽ ഡാറ്റാ സെന്റർ ഉൽപ്പന്നങ്ങൾ വേണ്ടിവരും. വിവര– വിനിമയ സാങ്കേതികതയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ധാരാളമായി വേണം. ഉരുക്കിന്റെ ആവശ്യകതയും ഇരട്ടിയാകും. പ്രതീക്ഷിത കണക്കുകൾ പ്രകാരം അടുത്ത അഞ്ചുവർഷ കാലയളവിൽ അമ്പതിനായിരം കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ യുഎസിൽ നിന്ന് വാങ്ങേണ്ടതായി വരും. അത്രയും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ളശേഷി രാജ്യത്തിനുണ്ട്. വിമാനങ്ങളും വിമാനഭാഗങ്ങളും മാത്രം വാങ്ങുന്നതിന് പതിനായിരം കോടി വേണ്ടിവരും. ബജറ്റിൽ പ്രഖ്യാപിച്ച ഡാറ്റാ സെന്റർ നികുതി അവധി 15000 കോടി ഡോളറിന്റെ യുഎസ് നിക്ഷേപത്തിന് വഴിവെയ്‌ക്കും– മന്ത്രി പറഞ്ഞു.
യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് തീരുവരഹിതമായി ഇറക്കുമതി ചെയ്യപ്പെടുമെന്നും റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നും പകരം യുഎസിൽ നിന്നും വെനസ്വേലയിൽ നിന്നുമായി കൂടുതൽ എണ്ണ വാങ്ങുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഒപ്പം അമ്പതിനായിരം കോടി ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഇതെല്ലാം ഒന്നൊന്നായി സ്ഥിരീകരിക്കുന്ന നിലയിലേക്കാണ് കേന്ദ്രം നീങ്ങുന്നത്.
ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടും
യുഎസുമായി ഉണ്ടാക്കുന്ന വ്യാപാരകരാറിൽ വൻ തോതിൽ തീരുവ കുറയ്‌ക്കാൻ ഇന്ത്യ സമ്മതിച്ചതായി വെളിപ്പെടുത്തി യുഎസ് വ്യപാര വിദ്ഗധൻ ജാമിസൺ ഗ്രീർ. പഴം, പച്ചക്കറി, വൈനുകൾ, കശുവണ്ടി, വാള്‍നട്ട് തുടങ്ങിയ കാർഷികോൽപ്പന്നങ്ങളുടെയും വ്യവസായ ഉൽപ്പന്നങ്ങളുടെയും തീരുവ വൻതോതിൽ കുറയ്‌ക്കാമെന്ന് ഇന്ത്യ സമ്മതിച്ചുവെന്ന് ഗ്രീർ പറഞ്ഞു. മെഡിക്കൽ, കെമിക്കൽ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്‌ക്കാനും സമ്മതിച്ചെന്നും അദ്ദേഹം സിഎൻബിസിയോട് പറഞ്ഞു.
കരാറില്‍ ദുരൂഹത നീങ്ങുന്നില്ല
യുഎസുമായുള്ള വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് ബോധപൂർവ്വം നീട്ടി കേന്ദ്ര ബിജെപി സർക്കാർ. കരാർ പ്രഖ്യാപനം നടത്തി നാലുദിവസം പിന്നിട്ടിട്ടും വിശദാംശങ്ങൾ കേന്ദ്രം മറച്ചുപിടിക്കുകയാണ്. യൂറോപ്യൻ യൂണിയനുമായുള്ള കരാറിൽ ധാരണയായതിന് പിന്നാലെ തന്നെ വിശദാംശങ്ങളും സംയുക്ത പ്രസ്‌താവനയും പുറത്തുവിട്ടിരുന്നു. കേന്ദ്രം ഒപ്പുവെച്ച മറ്റ് വ്യാപാരകരാറുകളുടെയും വിശദാംശങ്ങൾ കരാർ പ്രഖ്യാപനത്തിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, യുഎസ് കരാറിന്റെ കാര്യത്തിൽ മാത്രം കേന്ദ്രം ഒളിച്ചുകളി തുടരുന്നു.
ട്രംപ് കരാർപ്രഖ്യാപനം നടത്തിയെങ്കിലും വാണിജ്യ മന്ത്രി പീയുഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞത് കരാർ ഇപ്പോഴും അന്തിമഘട്ടത്തില്ലെന്നാണ്. ഏറെകുറേ കരാർ തയ്യാറായിട്ടുണ്ടെന്നും നാല്, അഞ്ച് ദിവസത്തിനുള്ളിൽ സംയുക്ത പ്രസ്‌താവനയുണ്ടാകുമെന്നും മന്ത്രി പിന്നീട് അറിയിച്ചു. മാർച്ച് പകുതിയോടെ കരാർ ഒപ്പിട്ടേക്കും.
റഷ്യൻ ക്രൂഡോയിൽ വാങ്ങുമോ; മറുപടിയില്ലാതെ കേന്ദ്രം
ലാഭത്തിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡോയിൽ അമേരിക്കൻ ഭീഷണി വകവെയ്‌ക്കാതെ തുടർന്നും വാങ്ങുമെന്ന് ഉറപ്പുപറയാതെ കേന്ദ്ര വിദേശ മന്ത്രാലയം. 140 കോടി ഇന്ത്യാക്കാരുടെ ഉൗർജസുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മുഖ്യപരിഗണനയെന്ന് മാത്രമായിരുന്നു മന്ത്രാലയ വക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ അഴകൊഴമ്പന്‍ പ്രതികരണം.
വസ്‌തുനിഷ്‌ഠമായ വിപണി സാഹചര്യങ്ങൾക്കും മാറിവരുന്ന അന്താരാഷ്ട്ര ഗതിവിഗതികൾക്കും അനുസൃതമായി ഇന്ത്യയുടെ ഉൗർജ സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കുകയെന്ന തന്ത്രമാണ് സർക്കാർ സ്വീകരിക്കുന്നത്.– ജയ്‌സ്വാൾ വിശദീകരിച്ചു. എന്നാൽ റഷ്യൻ എണ്ണ തുടർന്നും വാങ്ങുമെന്ന് ഉറപ്പിച്ചുപറയാൻ വക്താവ് തയ്യാറായില്ല.
എന്നാല്‍, ട്രംപ് നിർദേശിച്ചതുപോലെ വെനസ്വേലയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യ പരിഗണിക്കുമെന്ന് ജയ്‌സ്വാൾ വ്യക്തമാക്കി. വാണിജ്യഘടകങ്ങൾകൂടി പരിഗണിച്ച് വെനസ്വേല ഉൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യ സന്നദ്ധമാണ്. 2019–20 വരെ വെനസ്വേലയിൽനിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്‌തിരുന്നു. പിന്നീട് നിർത്തേണ്ടി വന്നു. 2023–24ൽ വീണ്ടും എണ്ണ വാങ്ങി തുടങ്ങിയെങ്കിലും ഉപരോധം കാരണം നിർത്തേണ്ടിവന്നു എന്നും ജയ്‌സ്വാൾ പറഞ്ഞു. എന്നാല്‍, അമേരിക്കയുടെ ഭീഷണി കാരണമാണ് വെനസ്വേലൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതെന്ന വസ്‌തുതയിലേക്കും വിദേശകാര്യ വക്താവ് കടന്നില്ല.
അതേസമയം, റഷ്യൻ എണ്ണയ്ക്ക് പകരമായി വെനസ്വേലൻ ക്രൂഡോയില്‍ വാങ്ങിയാലും അവ പൂര്‍ണമായി ഉപയോഗിക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്ന് ഇന്ത്യൻ റിഫൈനറി വൃത്തങ്ങൾ മുന്നറിയിപ്പ് നല്‍കുന്നു. വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ സംസ്കരിക്കാൻ റിലയൻസ്, നയര തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് മാത്രമേ സാധിക്കു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് പ്രായോഗികമല്ലെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.










0 comments