ad
Deshabhimani

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കുടിയേറ്റം വർധിക്കുന്നു; വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട്

migration

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on May 08, 2026, 05:21 PM | 2 min read

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ ലോകത്തെ ഏറ്റവും വലിയ പത്ത് കുടിയേറ്റ പാതകളിൽ ഇന്ത്യ ഉൾപ്പെടുന്ന രണ്ട് ഇടനാഴികൾ ഇടംപിടിച്ചു. ഇന്ത്യ - യുഎഇ, ഇന്ത്യ - യുഎസ് എന്നീ കുടിയേറ്റ പാതകളാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടിയത്.


ചൊവ്വാഴ്ച പുറത്തിറക്കിയ 'വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2026' പ്രകാരം ലോകത്ത് കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടുണ്ട്. 2024 പകുതി വരെയുള്ള കണക്കുകൾ നോക്കിയാൽ ഏകദേശം 30.4 കോടി ആളുകൾ തങ്ങൾ ജനിച്ച രാജ്യമല്ലാത്ത മറ്റ് രാജ്യങ്ങളിലാണ് താമസിക്കുന്നത്. 1990ൽ ആഗോള ജനസംഖ്യയുടെ 2.9 ശതമാനമായിരുന്ന കുടിയേറ്റക്കാരുടെ അനുപാതം ഇപ്പോൾ 3.7 ശതമാനമായി ഉയർന്നു.


തൊഴിൽ തേടിയുള്ള കുടിയേറ്റത്തിൽ ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ ഇടനാഴിയായി ഇന്ത്യ – യുഎഇ പാത മാറിയിട്ടുണ്ട്. യുഎഇയിലെ ആകെ ജനസംഖ്യയുടെ 74 ശതമാനവും അതായത് 80 ലക്ഷത്തിലധികം വിദേശികളാണെന്ന പ്രത്യേകതയുമുണ്ട്. ഇതിൽ ഭൂരിഭാ​ഗവും ഇന്ത്യക്കാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ യുഎഇയിൽ 30 ലക്ഷത്തിലധികം ഇന്ത്യൻ കുടിയേറ്റക്കാരുണ്ട്.


ആഗോള കുടിയേറ്റ ഭൂപടത്തിൽ നിർണായക സ്ഥാനത്താണ് ഇന്ത്യ – യുഎസ് ഇടനാഴി. ലോകത്തിലെ ആറാമത്തെ വലിയ കുടിയേറ്റ പാതയായി ഇത് മാറിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ മെക്സിക്കോ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.


2024ലെ കണക്കുകൾ പ്രകാരം ഏകദേശം 32 ലക്ഷം ഇന്ത്യൻ കുടിയേറ്റക്കാരാണ് നിലവിൽ അമേരിക്കയിലുള്ളത്. ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്ന വിദ്യാർഥികളും ഐടി ഉൾപ്പെടെയുള്ള മേഖലകളിലെ വിദഗ്ധ തൊഴിലാളികളുമാണ് അമേരിക്കയിലെത്തുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറുകളിലും പ്രതിരോധ സഹകരണത്തിലും ഇന്ത്യൻ പ്രവാസി സമൂഹം വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


ലോകത്തെ കുടിയേറ്റ പാതകളിൽ മെക്സിക്കോ – യുഎസ് ഇടനാഴിയാണ് ഒന്നാം സ്ഥാനത്ത്. ഏകദേശം 1.1 കോടി ആളുകളാണ് ഈ പാതയിലൂടെ കുടിയേറ്റം നടത്തിയത്. 37 ലക്ഷത്തിലധികം ആളുകളുമായി അഫ്ഗാനിസ്ഥാൻ – ഇറാൻ പാത രണ്ടാം സ്ഥാനത്തും, 35 ലക്ഷത്തിലധികം ആളുകളുമായി സിറിയ – തുർക്കി പാത മൂന്നാം സ്ഥാനത്തുമുണ്ട്.


അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണത്തിന് തൊട്ടുപിന്നാലെ ചൈനയും ഫിലിപ്പീൻസുമാണ് ഇടംപിടിച്ചിരിക്കുന്നത്. ചൈനയിൽ നിന്ന് 25 ലക്ഷം പേരും ഫിലിപ്പീൻസിൽ നിന്ന് 23 ലക്ഷം പേരും നിലവിൽ അമേരിക്കയിലുണ്ട്. ആഗോളതലത്തിൽ രാഷ്ട്രീയ-സാമ്പത്തിക നയരൂപീകരണങ്ങളിൽ പ്രവാസികൾ ചെലുത്തുന്ന സ്വാധീനം വർധിച്ചുവരികയാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home