രാജ്യത്തെ വസ്ത്ര നിർമാണ മേഖലയിൽ പ്രതിസന്ധി രൂക്ഷം; കയറ്റുമതിയിൽ ഇടിവ്

പശ്ചിമേഷ്യൻ സംഘർഷവും അയൽരാജ്യങ്ങളിൽ നിന്നുള്ള മത്സരവും ഇന്ത്യൻ വസ്ത്ര വിപണിക്ക് തിരിച്ചടിയായി. (Image Credit: IBEF)
ന്യൂഡൽഹി : ഇന്ത്യൻ സാമ്പത്തിക മേഖലക്ക് കനത്ത ആഘാതമേൽപ്പിച്ച് രാജ്യത്തെ വസ്ത്ര കയറ്റുമതിയിൽ വൻ ഇടിവ്. 2025-26 സാമ്പത്തിക വർഷത്തിൽ കയറ്റുമതിയിൽ 2.2 ശതമാനത്തിന്റെ കുറവുണ്ടായതായി ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് സാധാരണക്കാർ ജോലി ചെയ്യുന്ന ഈ മേഖലയിലെ തിരിച്ചടി രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങളും ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തിലുണ്ടായ തടസങ്ങളും കയറ്റുമതിയെ ബാധിച്ച പ്രധാന ഘടകങ്ങളാണ്. എന്നാൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതാണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കിയതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വസ്ത്രങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ എന്നിവയുടെ ആഗോള വിപണിയിലെ വിഹിതം കുറയുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ബാധിക്കും. വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ കുറഞ്ഞ ചെലവിൽ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുമ്പോൾ ഇന്ത്യൻ ഉല്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.
അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനവും ചെറുകിട ഉല്പാദകരെ തളർത്തുകയാണ്. വസ്ത്ര നിർമ്മാണ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും സംരംഭകരെയും ഈ പ്രതിസന്ധി നേരിട്ട് ബാധിക്കും. വൻകിട കോർപ്പറേറ്റുകൾക്ക് ഇളവുകൾ പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ ചെറുകിട വസ്ത്ര നിർമാണ യൂണിറ്റുകളെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ല.
വിദേശ വിപണിയിലെ വെല്ലുവിളികൾ മുൻകൂട്ടി കണ്ട് കയറ്റുമതി പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കാത്തതാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണം. ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് കുറയുന്നത് സമ്പദ്‌വ്യവസ്ഥയെ ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്.











0 comments