Deshabhimani

അസംസ്കൃത വസ്തുക്കളുടെ വില കുതിക്കുന്നു; ചെറുകിട സ്റ്റീൽ വ്യവസായങ്ങൾ പ്രതിസന്ധിയിൽ

India Steel
വെബ് ഡെസ്ക്

Published on Oct 06, 2026, 06:23 PM | 1 min read

ന്യൂഡൽഹി : ആ​ഗോളതലത്തിൽ പ്രതിസന്ധി തുടരുന്നതിനാൽ സ്റ്റീൽ ഉൾപ്പെടെയുള്ള ലോഹങ്ങളുടെ വില കുത്തനെ ഉയരുകയാണ്. നിലവിലെ വിലക്കയറ്റത്തിൽ ആശങ്കയിലാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖല (എംഎസ്എംഇ). അസംസ്കൃത വസ്തുക്കളുടെ വിലവർധനയോടെ ഉൽപ്പാദനച്ചെലവ് ഉയർന്നു. ആഭ്യന്തര, കയറ്റുമതി വിപണികളിലെ മത്സരശേഷിയെ ഇത് സാരമായി ബാധിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യവസായ സംഘടനകൾ ആവശ്യപ്പെട്ടു.


ആ​ഗസ്ത് – സെപ്റ്റംബർ കാലയളവിൽ സ്റ്റീൽ വില ടണ്ണിന് ഏകദേശം 8,000 മുതൽ 10,000 രൂപ വരെ വർധിച്ചിട്ടുണ്ട്. ആ​ഗോളതലത്തിൽ തുടരുന്ന പ്രതിസന്ധിയെ തുടർന്ന് സ്റ്റീൽ, പിഗ് അയൺ, അലുമിനിയം, ചെമ്പ് തുടങ്ങിയ പ്രധാന അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നു. ഇതിനൊപ്പം അസംസ്കൃത വസ്തുകളുടെ ലഭ്യതക്കുറവും വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കിയതായി സംഘടനകൾ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.


ഇറക്കുമതി തീരുവയും സുരക്ഷാ തീരുവയും 2027 മാർച്ച് വരെ ആറുമാസത്തേക്ക് പിൻവലിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ആഭ്യന്തര വിപണിയിലെ സ്റ്റീൽ ലഭ്യത വർധിപ്പിക്കും. മാത്രമല്ല, നിലവിലെ വില സമ്മർദം കുറയ്ക്കുകയും ചെയ്യുമെന്നാണ് വ്യവസായ സംഘടനകൾ വ്യക്തമാക്കുന്നത്. ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് ബിഐഎസ്, ക്വാളിറ്റി കൺട്രോൾ എന്നിവ നിർബന്ധമാക്കുന്ന ഉത്തരവിലും ആറുമാസത്തെ ഇളവ് നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.


അസംസ്കൃത വസ്തുക്കൾക്ക് പരമാവധി ചില്ലറവില നിശ്ചയിക്കണമെന്നും, പ്രാദേശിക വ്യാപാരികൾ ഉയർന്ന നിരക്കിൽ വിൽക്കുന്നത് നിയന്ത്രിക്കുന്നതിന് കർശന നടപടികൾ വേണമെന്നും വ്യവസായ സംഘടനകൾ പറയുന്നു. ചെമ്പ്, അലുമിനിയം സ്ക്രാപ്പുകളുടെ ഇറക്കുമതി തടസങ്ങൾ നീക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലയും ലഭ്യതയും ഉൽപ്പാദനച്ചെലവിനെ ബാധിക്കുന്നതിനാൽ സ്റ്റീൽ വില ഉയരാനുള്ള സാധ്യത തുടരുമെന്നാണ് വിപണി വിവരങ്ങൾ സൂചിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home