63,000 കോടിക്ക്‌ 26 റഫാൽ വിമാനം; ഫ്രാൻസുമായി ഇന്ത്യ കരാർ ഒപ്പുവച്ചു

rafale deal
വെബ് ഡെസ്ക്

Published on Apr 28, 2025, 03:34 PM | 1 min read

ന്യൂഡൽഹി: റഫാൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പ്രതിരോധ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു. നാവികസേനയ്ക്കായി ഫ്രാൻസിൽനിന്ന്‌ 26 റഫാൽ യുദ്ധവിമാനംകൂടി വാങ്ങാനുള്ള കരാറാണ് ഒപ്പുവച്ചത്. ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിലുള്ള പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് വെച്ചാണ് കരാർ ഒപ്പിട്ടതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.


ഐഎൻഎസ്‌ വിക്രാന്ത്‌ വിമാനവാഹിനിയിൽനിന്നു പ്രവർത്തിപ്പിക്കാവുന്ന 26 മറൈൻ ഫൈറ്റർ ജെറ്റുകളാണ്‌ വാങ്ങുക. 63000 കോടി രൂപയുടെ കരാറിന് കേന്ദ്ര മന്ത്രിസഭാസമിതി (സിസിഎസ്‌) ഈ മാസം ആദ്യം അം​ഗീകാരം നൽകിയിരുന്നു.


പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ചും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഫ്രാൻസിനെ പ്രതിനിധീകരിച്ചും കരാറിൽ ഒപ്പുവച്ചു. കരാറിൽ ഒപ്പുവച്ചതോടെ ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടാകും നടക്കുക. 37 മുതൽ 65 മാസത്തിനകം വിമാനം ലഭ്യമാക്കും. 2030-2031നുള്ളിൽ കൈമാറ്റം പൂർത്തിയാകും.





22 ഒറ്റസീറ്റ്‌ റഫാൽ–എം ജെറ്റുകളും നാല്‌ ഇരട്ടസീറ്റ്‌ ട്രെയിനർ വിമാനങ്ങളുമാണ്‌ വാങ്ങുന്നത്‌. പൈലറ്റുമാർക്കുള്ള പരിശീലനം, അനുബന്ധ ഉപകരണങ്ങൾ, അറ്റക്കുറ്റപ്പണിക്കുള്ള സഹായങ്ങൾ തുടങ്ങിയവും കരാറിന്റെ ഭാഗമാണ്‌. നിലവിൽ ഐഎൻഎസ്‌ വിക്രമാദിത്യയിൽനിന്നു മിഗ്‌ 29കെ വിമാനങ്ങൾ പ്രവർത്തിപ്പിക്കാം. ഫ്രാൻസിൽനിന്നു സ്‌കോർപീൻ അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിനും കേന്ദ്രസർക്കാർ ഉടൻ അംഗീകാരം നൽകും.


പുതിയ കരാർ പ്രകാരം ഇന്ത്യയിലെ ആകെ റാഫേൽ ജെറ്റുകളുടെ എണ്ണം 62 ആയി ഉയരും. 2016 സെപ്‌തംബറിൽ ഒപ്പിട്ട 60,000 കോടിയുടെ കരാറനുസരിച്ച്‌ വ്യോമസേനയ്ക്കായി ഫ്രാൻസിൽനിന്നു 36 റഫാൽ വിമാനങ്ങൾ വാങ്ങിയിട്ടുണ്ട്‌. ഈ കരാറുമായി ബന്ധപ്പെട്ട്‌ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home