Deshabhimani

ഇന്ത്യ - സൗദി വിമാന സർവീസുകൾക്ക് നിയന്ത്രണം; 30 വരെ നീട്ടി

akasa air
വെബ് ഡെസ്ക്

Published on Nov 01, 2026, 04:15 PM | 1 min read

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കും റിയാദിലേക്കുമുള്ള വിമാന സർവീസുകൾ നവംബർ 30 വരെ നിർത്തിവച്ചതായി ആകാശ എയർ വ്യക്തമാക്കി. ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 18 വരെയും റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയുമാണ് നിർത്തിവച്ചത്. സുരക്ഷാ ആശങ്കകളെത്തുടർന്നാണ് സർവീസുകൾ നിർത്തുന്നതെന്ന് എയർലൈൻ അറിയിച്ചു. രണ്ടു​ദിവസം മുമ്പ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 14 വരെ നിർത്തിവച്ചതായി അറിയിച്ചിരുന്നു. ഇൻഡിഗോയും സൗദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 14 വരെ റദ്ദാക്കിയിട്ടുണ്ട്.


സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നത്. ഒക്ടോബർ 21ന് ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തിൽ മറ്റൊരു ഇന്ത്യക്കാരനും പരിക്കേറ്റു.


സൗദിയിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും വ്യോമാക്രമണമുണ്ടായാൽ വീടുകൾക്കുള്ളിൽ കഴിയണമെന്നും അധികൃതരുടെ നിർദേശങ്ങൾ പിന്തുടരണമെന്നും റിയാദിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും വാർത്തകളും പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.


വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ബദൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വിമാനക്കമ്പനികളുമായും പ്രാദേശിക അധികൃതരുമായും ചർച്ച നടത്തുന്നുണ്ട്. ചില സൗദി വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക് പരിമിതമായ സർവീസുകൾ തുടരുന്നുണ്ട്. യാത്രയ്ക്ക് മുമ്പ് വിമാന സർവീസുകളുടെ സമയക്രമം കൃത്യമായി പരിശോധിക്കണമെന്നും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home