ad
Deshabhimani

കൂടംകുളം നിലയത്തിന്റെ അടുത്തഘട്ട വികസനത്തിന് പിന്തുണ , യുദ്ധോപകരണങ്ങൾ 
ഇന്ത്യയിൽ സംയുക്തമായി 
നിർമിക്കും

print edition ഇന്ത്യ - റഷ്യ കരാര്‍ ; ആണവോർജശേഷി വര്‍ധിപ്പിക്കും

india russia agreement
വെബ് ഡെസ്ക്

Published on Dec 06, 2025, 04:18 AM | 1 min read


​ന്യൂഡൽഹി

കൂടംകുളംനിലയത്തിന്റെ അടുത്തഘട്ട വികസനം ഉള്‍പ്പെടെ ഇന്ത്യയുടെ ആണവോർജ ശേഷി വര്‍ധിപ്പിക്കാന്‍ സമ്മതമറിയിച്ച് ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്‍. യുദ്ധോപകരണങ്ങളുടെ ഘടകഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കാനും സമ്മതമറിയിച്ചു. പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദ്‌ ഹ‍ൗസിൽ നടത്തിയ വാർഷിക ഉഭയകക്ഷി ചർച്ചയിലാണ്‌ തീരുമാനം. നിരവധി കരാറുകളില്‍ ഇരുരാജ്യവും ഒപ്പിട്ടു. വ്യാപാര സഹകരണം ദൃഢമാക്കുമെന്നും സംയുക്ത പ്രസ്‌താവനയിൽ ഇരുനേതാക്കളും പറഞ്ഞു. രൂപ–റൂബിൾ വ്യാപാര ഘടന വീണ്ടും വിപുലപ്പെടുത്തും. 2030 വരെയുള്ള സാന്പത്തിക സഹകരണത്തിന്റെ ചട്ടക്കൂടും അംഗീകരിച്ചു. എണ്ണ, എൽഎൻജി, സിഎൻജി തുടങ്ങി ഉ‍ൗർജ മേഖലയിൽ സഹകരണം ശക്തമാക്കും. അടുത്ത വർഷത്തെ ഉച്ചകോടിയിലേക്ക് മോദിയെ പുടിന്‍ റഷ്യയിലേക്ക് ക്ഷണിച്ചു. ​

ഇന്ത്യയുടെ ആണവശേഷി 2047ൽ 100 ജിഗാവാട്ടായി ഉയർത്തുന്നതിന്‌ സഹായമേകാൻ സിവിൽ ആണവ സഹകരണം ശക്തിപ്പെടുത്തും.


ആണവ നിലയങ്ങളുടെ രൂപകൽപ്പന, ഗവേഷണം, സംയുക്ത വികസനം എന്നിവയിൽ സഹകരിക്കും. കൂടംകുളം നിലയത്തില്‍ ആണവോർജ ഉൽപ്പാദനത്തിനായി ഇന്ധനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സഹകരണം വിപുലീകരിക്കും. കൂടംകുളം നിലയത്തിന്റെ അഞ്ചും ആറുംഘട്ടത്തിന്റെ നിര്‍മാണ പുരോഗതിയില്‍ ഇരു രാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി. ഇവിടെ ഉപകരണങ്ങളുടെയും ഇന്ധനത്തിന്റെയും വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ധാരണയില്‍ ഒപ്പിട്ടു.റഷ്യ ഇന്ത്യ സഹകരണത്തില്‍ രണ്ടാമത്തെ നിലയം സ്ഥാപിക്കാന്‍ ഉടന്‍ സ്ഥലം കണ്ടെത്താനും തീരുമാനമായി.


റഷ്യ നൽകിയ യുദ്ധോപകരങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായി ഇന്ത്യയിൽ കേന്ദ്രം തുറക്കും. ഇതിനായി റഷ്യൻ സാങ്കേതികവിദ്യ ഇന്ത്യക്ക്‌ കൈമാറും. റഷ്യയിൽ ഇന്ത്യ വൻ മരുന്നുനിർമാണ കേന്ദ്രം തുടങ്ങും. ആദ്യഘട്ടത്തിൽ ട്യൂമറുകള്‍ക്കുള്ള മരുന്നാകും നിർമിക്കുക. വളം നിർമാണത്തിലും സഹകരിക്കും. അക്കാദമിക് മൊബിലിറ്റി, വിദ്യാഭ്യാസ പരിപാടികൾ, ശാസ്‌ത്ര ഗവേഷണ പദ്ധതികൾ, വിനോദസഞ്ചാരം എന്നിവയിലും യോജിച്ച്‌ പരിപാടികൾ നടപ്പാക്കും. ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ (ഐബിസിഎ) റഷ്യ അംഗമാകും. റഷ്യൻ വിനോദ സഞ്ചാരികൾക്ക്‌ 30 ദിവസത്തെ സ‍ൗജന്യ ഇ- വിസ നൽകാനും കരാറായി. പശ്ചിമേഷ്യൻ പ്രതിസന്ധിയും മറ്റ്‌ ആഗോളവിഷയങ്ങളും ചർച്ചയായി. രാഷ്‌ട്രപതിയുടെ അത്താഴവിരുന്നിൽ പങ്കെടുത്തശേഷം രാത്രി പത്തോടെ റഷ്യൻ പ്രസിഡന്റ്‌ മടങ്ങി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home