Deshabhimani

വിലക്കയറ്റത്തിൽ വലഞ്ഞ് ജനങ്ങൾ; രാജ്യത്ത് ചില്ലറ പണപ്പെരുപ്പം ഉയർന്നു

Onion Price Inflation
വെബ് ഡെസ്ക്

Published on Oct 12, 2026, 06:30 PM | 1 min read

ന്യൂഡൽഹി : ഭക്ഷ്യവിലക്കയറ്റം രൂക്ഷമായതോടെ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം സെപ്റ്റംബറിൽ 5.54 ശതമാനമായി ഉയർന്നു. ആ​ഗസ്തിൽ ഇത് 4.83 ശതമാനമായിരുന്നു. ഉള്ളിവില ഒരു വർഷത്തിനിടെ ഇരട്ടിയിലധികം വർധിച്ചു. ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ തുടങ്ങിയവയുടെ വിലയിലുണ്ടായ കുതിപ്പും പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണമായി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026ലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്.


ഭക്ഷ്യവസ്തുക്കളുടെ വിലപ്പെരുപ്പം ആ​ഗസ്തിലെ 5.97 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 7.74 ശതമാനമായി ഉയർന്നു. പുതിയ ഉപഭോക്തൃ വില സൂചിക പരമ്പരയിൽ ആദ്യമായാണ് മൊത്തത്തിലുള്ള ചില്ലറ പണപ്പെരുപ്പം അഞ്ച് ശതമാനം കടക്കുന്നത്.


ഉള്ളിയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ആ​​ഗസ്തിലെ 48.78 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 108.09 ശതമാനമായി ഉയർന്നു. ഇഞ്ചിയുടെ വിലക്കയറ്റ നിരക്ക് 62.85 ശതമാനവും വെളുത്തുള്ളിയുടെ 54.62 ശതമാനവും നാരങ്ങയുടേത് 36.41 ശതമാനവുമായാണ് ഉയർന്നത്.


നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് പണപ്പെരുപ്പം വർധിച്ചത്. സെപ്റ്റംബറിൽ ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 6.08 ശതമാനമായപ്പോൾ നഗരങ്ങളിലേത് 4.88 ശതമാനമാണ്. ആ​ഗസ്തിൽ ഇത് യഥാക്രമം 5.24 ശതമാനവും 4.31 ശതമാനവുമായിരുന്നു. ഗ്രാമീണ മേഖലയിലെ ഭക്ഷ്യ പണപ്പെരുപ്പം 8.06 ശതമാനമായി ഉയർന്നപ്പോൾ നഗരങ്ങളിലേത് 7.18 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലവർധന കുടുംബങ്ങളുടെ ദൈനംദിന ചെലവുകളെ കൂടുതൽ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.


പണപ്പെരുപ്പം ഉയരുന്നത് റിസർവ് ബാങ്കിന്റെ പണനയത്തെയും ബാധിക്കാം. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റ് ഉയർത്തി 5.50 ശതമാനമാക്കിയതിനു പിന്നാലെയാണ് സെപ്റ്റംബറിലെ കണക്കുകൾ പുറത്തുവന്നത്. ഭക്ഷ്യവസ്തുക്കളുടെയും, ഇന്ധനത്തിന്റെയും വില ഉയർന്നുനിൽക്കുന്നത് പണപ്പെരുപ്പ സമ്മർദം തുടരാൻ ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തുടർന്ന് എങ്ങനെയായിരിക്കുമെന്നത് വിലക്കയറ്റത്തിന്റെ ദൈർഘ്യം, എണ്ണവില, രൂപയുടെ മൂല്യം, വരാനിരിക്കുന്ന കാർഷിക ഉല്പാദനം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home