print edition രാജ്യമെങ്ങും വൈദ്യുതി പ്രതിസന്ധി

ന്യൂഡൽഹി: വേനൽ ചൂട് കടുത്തതോടെ രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് വെള്ളി, ശനി ദിവസങ്ങളിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം രാജ്യത്ത് രേഖപ്പെടുത്തി. ശനിയാഴ്‌ച രാജ്യത്തെ കൂടിയ വൈദ്യുതി ഉപഭോഗം 256 ജിഗാവാട്ടിലെത്തി. വെള്ളിയാഴ്‌ച ഉപഭോഗം 252 ജിഗാവാട്ട് വരെ എത്തി. ഗ്രിഡ് കൺട്രോൾ ഇന്ത്യയുടെ കണക്കുകൾപ്രകാരം 2024 ൽ രേഖപ്പെടുത്തിയ കൂടിയ വൈദ്യുതി ഉപഭോഗ റെക്കോഡുകളെ മറികടക്കുന്നതാണ് ഈ ദിവസങ്ങളിലെ ഉപഭോഗം.
എസി പോലുള്ള ശീതീകരണ സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതാണ് ഉപഭോഗം കൂടാൻ കാരണം. പകൽ ദിവസങ്ങളിൽ സൗരോർജ ശേഷി പരമാവധി ഉപയോഗപ്പെടുത്താനാകുമെങ്കിലും രാത്രികാലത്ത് കടുത്ത പ്രതിസന്ധി നേരിടുന്നു.
പശ്ചിമേഷ്യൻ സംഘർഷവും വെല്ലുവിളി
പ്രകൃതിവാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന താപവൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയാണ് വേനൽ കാലത്തെ വൈകുന്നേരങ്ങളിൽ സൗരോർജത്തിന് ബദലായി ഉപയോഗിച്ചിരുന്നത്. എട്ട് ജിഗാവാട്ട് വൈദ്യുതി വരെ താപവൈദ്യുതി നിലയങ്ങളിൽ നിന്ന് കണ്ടെത്താനാകുമായിരുന്നു. എന്നാൽ പശ്‌ചിമേഷ്യൻ സംഘർഷം കടുത്ത എൽപിജി പ്രതിസന്ധിക്ക് വഴിവച്ചു. ഇത് പരിഹരിക്കുന്നതിനായി എൽപിജിക്ക് പകരമായി പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തെയാണ് (പിഎൻജി) കൂടുതലായി ആശ്രയിക്കുന്നത്.
വളം, മരുന്നുനിർമാണം തുടങ്ങി എൽപിജിയെ ആശ്രയിച്ചിരുന്ന വ്യവസായങ്ങൾക്കും പ്രകൃതിവാതകം കൂടുതൽ ആവശ്യമായി വന്നു. ഇതോടെ പ്രകൃതിവാതകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള താപനിലയങ്ങളിൽ വൈദ്യുതി ഉൽപ്പാദനം കുറഞ്ഞു. വെള്ളിയാഴ്‌ച നാല് ജിഗാവാട്ടിന്റെയും ശനിയാഴ്‌ച 3.5 ജിഗാവാട്ടിന്റെയും വൈദ്യുതി കുറവാണ് രാജ്യം നേരിട്ടത്. രാജ്യമെമ്പാടും താൽകാലിക വൈദ്യുതി നിയന്ത്രണങ്ങളേർപ്പെടുത്തി. കൊടുംചൂടിനൊപ്പം താപവൈദ്യുതി നിലയങ്ങളിലെ ഉൽപ്പാദന ഇടിവും തുടർന്നാൽ ഇന്ത്യയുടെ വൈദ്യുതി മേഖലയും കടുത്ത പ്രതിസന്ധിയിലാകും.










0 comments