രണ്ട് ദിവസമായി വ്യോമാക്രമണമോ ഷെല്ലാക്രമണമോ വെടിവയ്‌പ്പോ ഉണ്ടായിട്ടില്ല
അതിർത്തിപ്രദേശങ്ങൾ സാധാരണ നിലയിലേക്ക്

സംഘർഷം ഒഴിഞ്ഞതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്ന ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ
ന്യൂഡൽഹി
അതിർത്തി ശാന്തമായതോടെ ജനവാസകേന്ദ്രങ്ങൾ സാധാരണജീവിതത്തിലേക്ക്. ജമ്മു കശ്‌മീർ, രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ അതിർത്തിപ്രദേശങ്ങളിൽ രണ്ട് ദിവസമായി വ്യോമാക്രമണങ്ങളോ ഷെല്ലാക്രമണങ്ങളോ വെടിവയ്‌പ്പോ ഉണ്ടായിട്ടില്ല.
പൂഞ്ച്, റിയാസി, ശ്രീനഗർ, രജൗരി, ജയ്‌സാൽമീർ, ബാർമെർ തുടങ്ങിയ മേഖലകൾ സാധാരണ നിലയിലേക്ക് മടങ്ങി. ശ്രീനഗറിൽ സ്‌കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും വീണ്ടുംതുറന്നു. സാംബ സെക്‌ടറിൽ കഴിഞ്ഞദിവസം രാത്രി ഡ്രോണുകൾ കണ്ടതായുള്ള റിപ്പോർട്ടുകൾ പരിഭ്രാന്തി പടർത്തിയിരുന്നു. എന്നാൽ, കാര്യമായ ആക്രമണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ചെറിയ സ്‌ഫോടന ശബ്‌ദം കേട്ടതായും ഒരു വീടിന് ചെറിയ നാശനഷ്‌ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
രജൗരിയിൽ നിയന്ത്രണരേഖയോട് ചേർന്നുള്ള ഗ്രാമത്തിൽ പൊട്ടാത്ത സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത് സൈന്യം നിർവീര്യമാക്കി. പഞ്ചാബിലെ അമൃത്‌സറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിട്ടില്ല. മുൻകരുതൽ നടപടിയായി തിങ്കളാഴ്‌ചയും ബ്ലാക്ക്ഔട്ട് നടപ്പാക്കി. പഠാൻകോട്ടിലും ഫാസിൽകയിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നിട്ടില്ല. ജലന്ധറിൽ സൈന്യം കർശന നിരീക്ഷണം തുടരുകയാണ്. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ സ്‌കൂളുകളും കടകമ്പോളങ്ങളും വീണ്ടും തുറന്നു.










0 comments