print edition ആരോഗ്യ മേഖലയിലെ പ്രതിസന്ധി: ഇന്ത്യ ഇടപെടണമെന്ന് പലസ്തീൻ സ്ഥാനപതി

അബ്ദുള്ള അബു ഷാവേസ്

സ്വന്തം ലേഖകൻ
Published on Jun 20, 2026, 12:55 AM | 1 min read
ന്യൂഡൽഹി: പലസ്‌തീനിലെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്നും ഇന്ത്യയിലെ പലസ്‌തീൻ സ്ഥാനപതി അബ്ദുള്ള അബു ഷാവേസ്.
നീതി, മാനുഷിക മൂല്യങ്ങൾ, കൊളോണിയൽ വിരുദ്ധത എന്നിവ എക്കാലത്തും ഉയർത്തിപ്പിടിച്ച ഇന്ത്യയുടെ ഇടപെടലിനായി പലസ്‌തീൻ ജനത ഉറ്റുനോക്കുന്നു. ഇറാൻ–യുഎസ് രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ചത് ശുഭകരമായി കാണുന്നു. കരാറിനോട് അനുകൂല നിലപാടില്ലാത്തത് ഇസ്രയേലിന് മാത്രമാണ്.
ഗാസയിലെ 36ൽ 19 ആശുപത്രികൾ ഭാഗികമായാണ് പ്രവർത്തിക്കുന്നത്. അനസ്‌തേഷ്യ, മരുന്നുകൾ, ബ്ലഡ് യൂണിറ്റികൾ, ശസ്‌ത്രക്രിയ ഉപകരണങ്ങൾ, ഡയാലിസിസ് ഉപകരണങ്ങൾ എന്നിവയിൽ ക്ഷാമമുണ്ട്. ആശുപത്രികളിൽ ജനറേറ്ററുകൾ പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനമില്ല. ശുചീകരണ സംവിധാനങ്ങളുടെ തകർച്ച, ശുദ്ധജല ക്ഷാമം, മാലിന്യ കൂമ്പാരം എന്നിവയും അലട്ടുന്നു. 12,000 മൃതദേഹങ്ങൾ കെട്ടിടങ്ങൾക്കിടയിലാണ്. വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ വർഷം ഏകദേശം 65,000 ശസ്ത്രക്രിയകളാണ് നടന്നത്. ഈ വർഷം ഇതുവരെ 19,500 ശസ്ത്രക്രിയകൾ മാത്രമാണ് നടത്താനായത്. 11,000-ത്തിലധികം മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടിവന്നു.
പലസ്‌തീൻ ആരോഗ്യ മന്ത്രാലയം 520 അവശ്യ മരുന്നുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിൽ 180നടുത്ത് മരുന്നുകൾ ലഭ്യമല്ല. കാൻസർ ചികിത്സയ്‌ക്കുള്ള 97 പ്രത്യേക മരുന്നുകളിൽ 50 എണ്ണവും ലഭ്യമല്ല. ഇത് 4,000 കാൻസർ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നു. 943 കോടിയിലധികം രൂപ വിലമതിക്കുന്ന അവശ്യ മരുന്നുകളും മെഡിക്കൽ സാമഗ്രികളും നിലവിൽ പല്‌സതീന് ആവശ്യമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.










0 comments