പശ്ചിമേഷ്യൻ യുദ്ധം
അസംസ്‌കൃത വസ്തുക്കളുടെ വില കുതിക്കുന്നു; ഉൽപ്പാദന മേഖല പ്രതിസന്ധിയിൽ

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : ഏപ്രിലിൽ ഉൽപ്പാദന മേഖല ഏറ്റവും താഴ്ന്ന് കഴിഞ്ഞ നാല് വർഷത്തിനിടയിലെ രണ്ടാമത്തെ നിലയിലേക്കെത്തിയാതായി റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ കമ്പനികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.
2026 മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും പുതിയ ഓർഡറുകൾ കുറയുകയാണ്. എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് മാർച്ചിലെ 53.9ൽ നിന്ന് ഏപ്രിലിൽ 54.7 എന്ന നിലയിലേക്ക് ഉയർന്നു. ഈ നിരക്ക് കഴിഞ്ഞ 46 മാസത്തിനിടയിലെ രണ്ടാം തവണയാണ് ഏറ്റവും കുറഞ്ഞ നിലയിലെത്തുന്നത്. പിഎംഐ സൂചിക 50ന് മുകളിലാണെങ്കിൽ അത് പ്രവർത്തനങ്ങളിലെ പുരോഗതിയെയും 50ന് താഴെയാണെങ്കിൽ തിരിച്ചടിയെയുമാണ് സൂചിപ്പിക്കുന്നത്.
കയറ്റുമതി മേഖല വലിയ പ്രതീക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിഎംഐ സൂചികയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ പുതിയ ഓർഡറുകളും ഉൽപ്പാദനവും മാർച്ചിൽ നിന്ന് വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും കഴിഞ്ഞ മൂന്നര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇവ ഇപ്പോഴുമുള്ളത്.
പരസ്യങ്ങളും വിപണിയിലെ വർധിച്ച ആവശ്യകതയും ഉൽപ്പാദനത്തെയും വിൽപനയെയും നല്ല രീതിയിൽ സ്വാധീനിച്ചതായി സർവേ വ്യക്തമാക്കുന്നു. എന്നാൽ വിപണിയിലെ കടുത്ത മത്സരവും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളും വളർച്ചക്ക് വെല്ലുവിളിയാകുന്നുണ്ട്. പുതിയ കരാറുകളിൽ ഒപ്പിടാൻ ഉപഭോക്താക്കൾ മടിക്കുന്നത് വളർച്ചയുടെ വേഗത കുറക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യൻ യുദ്ധം പണപ്പെരുപ്പത്തിന് വലിയ സമ്മർദമുണ്ടാക്കുന്നതായി റിപ്പോർട്ട് പറയുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില 44 മാസത്തെ ഉയർന്ന നിരക്കിലെത്തി. അതേസമയം വിൽപന വില കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വേഗത്തിലാണ് വർധിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഫലമായി മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് (Input costs) കഴിഞ്ഞ 44 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. അലുമിനിയം, രാസവസ്തുക്കൾ, ഇലക്ട്രിക്കൽ ഘടകങ്ങൾ, ഇന്ധനം, തുകൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ, റബ്ബർ എന്നിവയുടെ വിലക്കയറ്റം ഏപ്രിലിലെ ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർത്തി. ഉൽപ്പാദനച്ചെലവ് വർധിച്ചതോടെ നിർമാതാക്കൾ കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വേഗത്തിൽ വില വർധിപ്പിക്കാൻ നിർബന്ധിതരായി.
2026 ഏപ്രിലിൽ പുതിയ കയറ്റുമതി ഓർഡറുകളിൽ ഉണ്ടായ ഗണ്യമായ വർധനവാണ് റിപ്പോർട്ടിലെ ഏക പോസിറ്റീവ് വശം. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ കയറ്റുമതി വ്യാപാരം.











0 comments