ചോളം എഥനോളില്‍ പെട്ടപ്പോള്‍ കോഴിമുട്ടയ്ക്ക് പോലും പൊള്ളുന്ന വില

ന്യൂഡൽഹി: കാർഷിക വിപണിയിലും അടുക്കളകളിലും ഒരുപോലെ തീ കോരിയിടുകയാണ് കേന്ദ്രത്തിന്റെ പുതിയ എഥനോൾ നയം. ഭക്ഷ്യവിളയായ ചോളത്തെ പെട്രോളിനുള്ള അസംസ്കൃത വസ്തുവായി വൻതോതിൽ വഴിതിരിച്ചുവിടുമ്പോൾ കർഷകന് താങ്ങുവില പോലും കിട്ടാത്ത അവസ്ഥയാണ്.
കർഷകർക്ക് ഉയർന്ന വില ലഭിക്കുമെന്നായിരുന്നു എഥനോൾ നയത്തിന്റെ പ്രധാന വാദങ്ങളിലൊന്ന്. എന്നാൽ സർക്കാർ കണക്കുകൾ തന്നെ കാണിക്കുന്നത് എഥനോളിലേക്ക് ചോളം റെക്കോർഡ് തോതിൽ പോകുമ്പോഴും കർഷകർക്ക് വിപണിയിൽ ലഭിക്കുന്ന വില മാസങ്ങളായി താങ്ങുവിലയ്ക്ക് താഴെയാണെന്നാണ്.
2022-23ൽ എഥനോൾ നിർമാണത്തിന് ഉപയോഗിച്ച ചോളം 8.3 ലക്ഷം ടണ്ണായിരുന്നു. 2024-25ൽ അത് 125.75 ലക്ഷം ടണ്ണായി ഉയർന്നു. രണ്ടുവർഷത്തിനിടെ 15 മടങ്ങിലധികം വർധന. ചോളം ഇപ്പോൾ ഇന്ത്യയിലെ എഥനോൾ വ്യവസായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുക്കളിലൊന്നായി മാറിയിരിക്കുകയാണ്.
ഭക്ഷ്യമേഖലയിൽ ഉണ്ടാകുന്ന ആഘാതം
ഈ മാറ്റത്തിന്റെ ആഘാതം ആദ്യം ഉണ്ടായത് കോഴിവളർത്തൽ മേഖലയിലാണ്. കോഴിത്തീറ്റയിലെ പ്രധാന ഊർജഘടകമാണ് ചോളം. മുട്ട ഉൽപ്പാദനച്ചെലവിന്റെ 65 മുതൽ 70 ശതമാനം വരെ തീറ്റച്ചെലവാണ്. എഥനോൾ നിർമാതാക്കളും കോഴിത്തീറ്റ നിർമാതാക്കളും ഒരേ വിളയ്ക്കായി മത്സരിക്കുന്ന സാഹചര്യം ശക്തമായതോടെ തീറ്റച്ചെലവ് ഉയരുകയും കഴിഞ്ഞ ഒരു വർഷത്തിനിടെ മുട്ടവില 35 മുതൽ 40 ശതമാനം വരെ വർധിക്കുകയും ചെയ്തു.
മുട്ടയുടെ വിലയിൽ മാത്രം ഒതുങ്ങുന്നില്ല ഇത്. ചോളത്തിന്റെ വില ഉയർന്നാൽ കോഴിയിറച്ചി, മൃഗത്തീറ്റ, അന്നജം, ഗ്ലൂക്കോസ്, വിവിധ ഭക്ഷ്യസംസ്കരണ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപ്പാദനച്ചെലവും ബാധിക്കും. അതായത് ഒരു ഇന്ധനനയത്തിന്റെ ചെലവ് ക്രമേണ സാധാരണക്കാരന്റെ മേലാണ് വീഴുന്നത്.
കർഷകർക്ക് താങ്ങുവില പോലും ലഭിക്കുന്നില്ല
അതേസമയം എഥനോളിലൂടെ ചോളം കർഷകർ വലിയ നേട്ടമുണ്ടാക്കിയെന്ന സർക്കാർ വാദത്തെ തള്ളുന്നതാണ് പുതിയ കണക്കുകൾ. 2025 മാർച്ച് മുതൽ 2026 ആഗസ്ത് വരെ ദേശീയ ശരാശരി ചോളം വിപണിവില എല്ലാ മാസവും താങ്ങുവിലയ്ക്ക് താഴെയായിരുന്നുവെന്നാണ് കാർഷിക മന്ത്രാലയത്തിന്റെയും അഗ്മാർക്ക്നെറ്റിന്റെയും കണക്കുകൾ വ്യക്തമാക്കുന്നത്. 2025 നവംബറിൽ താങ്ങുവില ക്വിന്റലിന് 2,400 രൂപയായിരിക്കെ ശരാശരി വിപണിവില 1,634.74 രൂപയിലേക്ക് ഇടിഞ്ഞു. 2026 ആഗസ്തിലും ശരാശരി വില 2,008.69 രൂപ മാത്രമായിരുന്നു. താങ്ങുവിലയേക്കാൾ ഏകദേശം 391 രൂപ കുറവ്.
എഥനോൾ കമ്പനികൾക്ക് ഇത്രയും ചോളം ആവശ്യമുണ്ടെങ്കിൽ കർഷകന് എന്തുകൊണ്ട് താങ്ങുവില പോലും ലഭിക്കുന്നില്ല എന്ന ചോദ്യം ഇതോടെ ഉയരുന്നു.
വ്യവസായങ്ങൾക്ക് പിന്തുണ, കർഷകർക്ക് തിരിച്ചടി
ഇവിടെയാണ് മറ്റൊരു സർക്കാർ ഇടപെടൽ നിർണായകമാകുന്നത്. എഥനോൾ കമ്പനികൾക്ക് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അരി കിലോയ്ക്ക് 23.20 രൂപ നിരക്കിൽ ലഭ്യമാക്കി. ഇത് സർക്കാർ നെല്ല് സംഭരിച്ചിരുന്ന താങ്ങുവിലയേക്കാൾ കുറവായിരുന്നു. വിലകുറഞ്ഞ സർക്കാർ അരി ലഭിച്ചതോടെ കമ്പനികൾക്ക് കർഷകരിൽ നിന്ന് ചോളം വാങ്ങേണ്ട സമ്മർദം കുറഞ്ഞു. വ്യവസായങ്ങളുടെ അസംസ്കൃത വസ്തുച്ചെലവ് സംരക്ഷിക്കപ്പെട്ടപ്പോൾ ചോളം കർഷകരുടെ വിപണിവില താഴെത്തന്നെ തുടർന്നു.
ഇതിനിടെ ഇന്ത്യയുടെ ചോളം വ്യാപാരത്തിന്റെ ചിത്രവും മാറി. 2022-23ൽ 34.53 ലക്ഷം ടൺ ചോളം കയറ്റുമതി ചെയ്ത ഇന്ത്യയുടെ കയറ്റുമതി 2024-25ൽ 5.56 ലക്ഷം ടണ്ണായി ഇടിഞ്ഞു. അതേസമയം ഇറക്കുമതി 1.37 ലക്ഷം ടണ്ണിൽനിന്ന് 9.70 ലക്ഷം ടണ്ണായി ഉയർന്നു. ഒരുകാലത്ത് വലിയ ചോളം കയറ്റുമതിക്കാരനായിരുന്ന ഇന്ത്യ ഇതോടെ ഒരു ഇറക്കുമതി രാജ്യമായി മാറി.
അമേരിക്കൻ കാർഷിക ഇറക്കുമതിയും പുതിയ വെല്ലുവിളികളും
അമേരിക്കയിൽനിന്ന് ഇന്ധന എഥനോൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമല്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അമേരിക്കൻ കാർഷിക വ്യവസായത്തിന് മറ്റൊരു വാതിൽ തുറന്നിട്ടുണ്ട്. 2026ലെ ഇന്ത്യ-അമേരിക്ക വ്യാപാര ധാരണയുടെ ഭാഗമായി അമേരിക്കൻ സോയ എണ്ണയ്ക്കും എഥനോൾ ഉപോൽപ്പന്നമായ ഡിസ്റ്റിലേഴ്സ് ഡ്രൈഡ് ഗ്രെയിൻസ് വിത്ത് സൊള്യൂബിൾസിനും (ഡിഡിജിഎസ്) തീരുവയില്ലാത്ത പ്രവേശനം അനുവദിച്ചു. ഇതിന് പിന്നാലെ ഇന്ത്യയിലെ സോയാബീൻ വില ഏകദേശം 10 ശതമാനവും ചോളം വില നാല് ശതമാനവും ഇടിഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിലകുറഞ്ഞ അമേരിക്കൻ തീറ്റ-ഉപോൽപ്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ എത്തുന്നത് ഇന്ത്യൻ കർഷകർക്ക് പുതിയ പ്രതിസന്ധിയും സൃഷ്ടിക്കുന്നു.
ഇത് എഥനോൾ നയത്തിലെ മറ്റൊരു വൈരുധ്യമാണ്. ചോളം കൃഷി ചെയ്യാൻ ഇന്ത്യൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നു; മറുവശത്ത് വിലകുറഞ്ഞ തീറ്റ-ഉപോൽപ്പന്നങ്ങൾക്ക് ഇറക്കുമതി വഴി തുറക്കുന്നു. ഉൽപ്പാദനം ഉയർന്നപ്പോഴും ചോളം വില താങ്ങുവിലയ്ക്ക് താഴെയെത്തിയ സാഹചര്യം അടുത്ത സീസണിൽ കർഷകർ കൃഷി കുറയ്ക്കാൻ ഇടയാക്കുമെന്നാണ് അമേരിക്കൻ കാർഷിക വകുപ്പിന്റെ വിലയിരുത്തൽ. 2025-26ലെ റെക്കോർഡ് ഉൽപ്പാദനത്തിന് പിന്നാലെ വില ഇടിഞ്ഞതിനാൽ 2026-27ൽ ചോളം കൃഷിവിസ്തൃതി 13 ദശലക്ഷം ഹെക്ടറിൽനിന്ന് 12 ദശലക്ഷം ഹെക്ടറിലേക്ക് കുറയാമെന്നാണ് യുഎസ്ഡിഎ പ്രവചിക്കുന്നത്.
എഥനോൾ വ്യവസായത്തിന്റെ ഉപോൽപ്പന്നമായ ഡിഡിജിഎസ് വർധിക്കുന്നത് മറ്റൊരു മേഖലയെയും ബാധിക്കുന്നുണ്ട്. ഇത് കോഴി-മൃഗത്തീറ്റയിൽ സോയാബീൻ, നിലക്കടല പിണ്ണാക്കിന് പകരം ഉപയോഗിക്കാം. ഡിഡിജിഎസ് വിലകുറഞ്ഞതോടെ എണ്ണക്കുരു പിണ്ണാക്കുകളുടെ ആവശ്യകത കുറയുകയും സോയാബീൻ കർഷകരുടെ വരുമാനത്തിൽ ഇടിവുണ്ടാകുകയും ചെയ്തു. ഭക്ഷ്യഎണ്ണ ഇറക്കുമതിയെ വലിയതോതിൽ ആശ്രയിക്കുന്ന ഇന്ത്യയിൽ എണ്ണക്കുരു കൃഷി ദുർബലമാകുന്നത് വിദേശ ആശ്രയം ഇനിയും വർധിപ്പിക്കും.
കാലാവസ്ഥാ വ്യതിയാനവും ഭാവി ഭീഷണിയും
ഇതിന്റെ അടുത്ത ഘട്ടം കൂടുതൽ സങ്കീർണമാകാം. 2026ലെ മൺസൂൺ മഴ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായതായും ചോളം ഉൾപ്പെടെയുള്ള മഴക്കാല വിളകളുടെ ഉൽപ്പാദനത്തെ ബാധിക്കാമെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. മഴ കുറഞ്ഞ് വിളവ് താഴുകയും എഥനോൾ കമ്പനികളുടെ ആവശ്യകത തുടരുകയും ചെയ്താൽ ചോളത്തിന് മേലുള്ള മത്സരം രൂക്ഷമാകും. ഇത് തീറ്റച്ചെലവ് കൂട്ടുകയും മുട്ടയും കോഴിയിറച്ചിയും ഉൾപ്പെടെയുള്ളവയുടെ ചെലവ് വീണ്ടും ഉയർത്തുകയും ചെയ്യും.










0 comments