ഡൽഹി കെട്ടിട ദുരന്തം; സുഹൃത്തിന്റെ വീട്ടിലേക്ക് പോയത് 18 കാരന്റെ ജീവൻ രക്ഷിച്ചു

സന വരാഷ്
ഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ സർവകലാശാലാ വിദ്യാർഥികളടക്കം താമസിക്കുന്ന അഞ്ചുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി. പുലർച്ചെ ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണ സംഖ്യാ 6 ആയത്
കെട്ടിടം തകർന്നുവീണ സംഭവത്തിൽ പശ്ചിമ ബംഗാളിലെ ഫലാകട്ട സ്വദേശിയായ 18 കാരൻ സന വരാഷ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . കെട്ടിടത്തിൽ വെള്ളമില്ലാതിരുന്നതിനാൽ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു അപകടത്തിൽ നിന്ന് വിദ്യാർഥിയെ രക്ഷിച്ചത്.
കെട്ടിടം തകർന്നുവീഴുന്നതിന് വെറും 15 മിനിറ്റ് മുമ്പ് 18 കാരനായ സന വരാഷ് അവിടെയുണ്ടായിരുന്നു. മോത്തിലാൽ നെഹ്റു കോളേജിലെ ഒന്നാം വർഷ ബിഎ വിദ്യാർത്ഥിയായ വരാഷ് പശ്ചിമ ബംഗാളിലെ അലിപുർദ്വാർ ജില്ലയിലെ ഫലാകട്ട സ്വദേശിയാണ്.
ഞായറാഴ്ച ഉച്ചയോടെ ഉണർന്നപ്പോൾ കെട്ടിടത്തിൽ വെള്ളമില്ലെന്ന് ശ്രദ്ധിച്ചതിനെ തുടർന്ന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. രാവിലെ മുതൽ ബേസ്മെന്റിൽ നിന്ന് അസാധാരണമായ ശബ്ദങ്ങൾ കേട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിന്റെ പഴക്കവും മോശം അവസ്ഥയും സംബന്ധിച്ച് താൻ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് വരാഷ് പറഞ്ഞു. മൂന്നാം നിലയിലേക്കുള്ള പടിക്കെട്ട് ഇടുങ്ങിയതും ജീർണിച്ചതും ഈർപ്പമുള്ളതുമായിരുന്നു. “ഒരു ദിവസം ഈ പടിയിൽ നിന്ന് വീണ് ഞാൻ മരിക്കുമെന്ന് ഞാൻ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു,” വരാഷ് പറഞ്ഞു.
മൂന്നാം നിലയിലെ മുറിക്ക് വൈദ്യുതി ബിൽ ഒഴികെ പ്രതിമാസം 14,000 രൂപ വാടക നൽകിയിരുന്നുവെന്നും ഇത് കുടുംബത്തിന് വലിയ സാമ്പത്തിക ഭാരമായിരുന്നുവെന്നും വരാഷ് പറഞ്ഞു. “14,000 രൂപയ്ക്ക് ഈ മുറി ഒട്ടും വിലമതിക്കുന്നതായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
കെട്ടിടം തകർന്നതോടെ ലാപ്ടോപ്പ്, ഹെഡ്ഫോണുകൾ, വസ്ത്രങ്ങൾ, ഒറിജിനൽ പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ്, സിയുഇടി സ്കോർകാർഡ്, ആധാർ കാർഡ്, മെട്രോ കാർഡ് എന്നിവയുൾപ്പെടെ തന്റെ സാധനങ്ങളും രേഖകളും എല്ലാം അവശിഷ്ടങ്ങൾക്കടിയിലായി.
അപകടത്തിൽപ്പെട്ട രണ്ട് ഫ്ലാറ്റ്‌മേറ്റ് സുഹൃത്തുക്കളായ നിതീഷും നീരജും ഇപ്പോഴും എയിംസ് ട്രോമ സെന്ററിൽ ചികിത്സയിലാണ്. നിലവിൽ താൻ രക്ഷപ്പെട്ട സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും വരാഷ് പറഞ്ഞു. അതേസമയം കെട്ടിടം തകർന്നു വീണതോടെ ഡെൽഹിയിലെ പഴക്കമുള്ള കെട്ടിടങ്ങളൊക്കെ പൊളിച്ചുമാറ്റാൻ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു









0 comments