ഇവിടെ പുനർനിർമിക്കുന്നു ജീവിതങ്ങൾ

ആലക്കോട് അപകടങ്ങളും വൈകല്യങ്ങളുംമൂലം ജീവിതം പാതിവഴിയിൽ നിലച്ചവർക്ക് ആത്മവിശ്വാസവും സ്വയംപര്യാപ്തതയും പകരുകയാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിങ് സെന്റർ (ജിഎസ്ആർടിസി). ‘മാനസികം വീണ്ടെടുക്കാം, ജീവിതം പുനർനിർമിക്കാം’ എന്ന ദൗത്യവുമായി 2024 ആഗസ്ത് 15ന് ആരംഭിച്ച കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിഎസ്ടി ഫാദേഴ്സ് സെന്റ് തോമസിന്റെ നേതൃത്വത്തിലുള്ളതാണ് കേന്ദ്രം. ചികിത്സയ്ക്കുശേഷം... ‘ചികിത്സ കഴിഞ്ഞാൽ പിന്നെ എന്ത്?’ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ജിഎസ്ആർടിസി രൂപംകൊണ്ടത്. അപകടബാധിതർ, നട്ടെല്ലിന് ക്ഷതം സംഭവിച്ചവർ, സ്ട്രോക്ക് അതിജീവിച്ചവർ, ചലനപരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ചികിത്സയ്ക്കുശേഷം ആവശ്യമായ സമഗ്ര പുനരധിവാസം ഒരേ കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. താമസം, ഭക്ഷണം, മെഡിക്കൽ പരിചരണം, ഫിസിയോതെറാപ്പി, കൗൺസലിങ്, സഹായ ഉപകരണങ്ങൾ, ജീവിതനൈപുണ്യ പരിശീലനം, തൊഴിൽ പരിശീലനം, ഉൽപാദന പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങളാണ് നൽകുന്നത്. ഓരോരുത്തരുടെയും കഴിവും താൽപര്യവും പരിഗണിച്ചുള്ള വ്യക്തികേന്ദ്രീകൃത പരിശീലനമാണിവിടെ. കഴിവാകും വരുമാനം പരിശീലനവും സർട്ടിഫിക്കറ്റുംനൽകി അവസാനിപ്പിക്കുന്നതിനുപകരം നേടിയ കഴിവുകൾ വരുമാനമാക്കി മാറ്റുന്നതിനുള്ള അവസരങ്ങളാണ് കേന്ദ്രം ഒരുക്കുന്നത്. ഉൽപാദന പ്രവർത്തനങ്ങൾ, വിപണി ബന്ധം, സംരംഭകത്വ സാധ്യതകൾ എന്നിവ പരിശീലനത്തിന്റെ ഭാഗമാണ്. 18 പേർ വീടുകളിലേക്ക് മടങ്ങി രണ്ടുവർഷത്തിനിടെ 18 പേർ പരിചരണവും പരിശീലനവും പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങി. കേന്ദ്രത്തിലെത്തുമ്പോൾ ‘മറ്റുള്ളവർക്ക് ഭാരമാകു’മെന്ന ആശങ്കയും പേറിവന്ന പലരും പ്രതീക്ഷയും ആത്മവിശ്വാസവും സ്വാഭിമാനവുമായാണ് തിരിച്ചുപോയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്രത്തിലെ സേവനങ്ങളെല്ലാം സൗജന്യമാണ്. മനുഷ്യരെ ചേർത്തുപിടിക്കാനും കുടുംബത്തിന് പ്രതീക്ഷ നൽകാനും കഴിയുന്നിടത്തോളം ഈ യാത്ര തുടരുമെന്നാണ് ജിഎസ്ആർടിസി നേതൃത്വത്തിന്റെ പക്ഷം.









0 comments