ad
Deshabhimani

റാണിപുരം അപകടം റോപ്പ് വേ പ്രവർത്തിച്ചത് അനുമതിയില്ലാതെ

അനുമതിയില്ലാതെ പ്രവർത്തിക്കുന്ന റാണിപുരത്തെ റോപ്പ് വേ
വെബ് ഡെസ്ക്

Published on Sep 07, 2026, 03:00 AM | 1 min read

രാജപുരം റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ പുതിയതായി ആരംഭിച്ച റോപ്പ് വേ പ്രവർത്തിച്ചത് ആവശ്യമായ അനുമതികളില്ലാതെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പരിചയസമ്പന്നരായ ടെക്നീഷ്യന്മാരുടെ അഭാവമാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അവിചാരിതമായ അപകടമാണ് ടെക്‌നീഷ്യനായ സനൂപിന്റെ ജീവനെടുത്തത്. ബന്ധപ്പെട്ട വകുപ്പുകളുടെ പൂർണ അനുമതിയും ഫയർ ആൻഡ് സേഫ്റ്റി കമീഷണർ, ജിയോളജി വകുപ്പ്, പഞ്ചായത്ത്‌ എന്നിവയുടെ അനുമതിയുമില്ലാതെയാണ് പദ്ധതി ആരംഭിച്ചത്‌. ജില്ലയിലെ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് ഊർജം പകർന്ന്‌ അനുദിനം വികസിക്കുന്ന റാണിപുരം ഇക്കോ ടൂറിസം പദ്ധതിയിൽ റോപ്പ് വേ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ നടത്തിപ്പുകാരുടെ വീഴ്‌ച പ്രതീക്ഷക്ക്‌ മങ്ങലേൽപ്പിക്കുന്നു. ഗ്ലാസ് ബ്രിഡ്ജ്, റോപ്പ് വേ തുടങ്ങിയ പദ്ധതികൾ മുൻകൂർ അനുമതിയില്ലാതെയാണ്‌ നടപ്പാക്കിയത്‌. ആറുമാസംമുമ്പ്‌ തുടങ്ങിയ പദ്ധതിക്ക്‌ രണ്ടുമാസം മുമ്പുമാത്രമാണ്‌ പഞ്ചായത്തിൽനിന്നുള്ള അനുമതിക്ക് അപേക്ഷ നൽകിയത്. പഞ്ചായത്ത് സ്ഥാപനമുടമക്ക്‌ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതൊന്നും വകവയ്‌ക്കാതെയാണ് പ്രവർത്തനം ആരംഭിച്ചത്‌. എംഎസ്എംഇയിൽനിന്ന്‌ അനുമതി ലഭിച്ചുവെ കാരണം പറഞ്ഞാണ് പ്രവർത്തനം തുടങ്ങിയത്‌. സ്റ്റാർട്ടപ് പദ്ധതികൾക്കും ടൂറിസം അനുബന്ധ പദ്ധതികൾക്കും നിയമപരമായി ലഭിക്കേണ്ട അനുമതിപത്രങ്ങൾക്ക് സർക്കാർ ചില ഇളവുകൾ നൽകിയിരുന്നു. അത് ഫലപ്രദമായി ഉപയോഗിക്കാതെ ദുരുപയോഗംചെയ്‌താണ്‌ പ്രവർത്തനം ആരംഭിച്ചത്. അനധികൃത മണ്ണെടുപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഫയർ ആൻഡ് സേഫ്റ്റി കമീഷണറും അനുമതി നൽകിയിട്ടില്ല. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ നിയമനടപടിക്ക് വിധേയമാക്കണമെന്നും മരിച്ച സനൂപ് കൃഷ്ണന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും മലനാട് വികസന സമിതി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home