സംരക്ഷണം വേണം ചരിത്രശേഷിപ്പായ ജലാശയത്തിന്

നീലേശ്വരം ഫ്യൂഡൽ ഭരണകാലത്തിന്റെ ശേഷിപ്പായ നീലേശ്വരം കോവിലകം ചിറ ഇപ്പോഴും നാശത്തിന്റെ വക്കിൽ. ചിറ സംരക്ഷണത്തിന് നഗരസഭയും നാട്ടുകാരും ഒരുക്കിയ പദ്ധതികളൊന്നും ഇതുവരെ ഫലപ്രാപ്‌തിയിലെത്തിയില്ല. നഗരത്തിന്റെ നടുവില്‍ ഇത്രയും വലിയ ജലാശയം അധികമില്ല. തളിയില്‍ ക്ഷേത്രത്തിനും മന്നന്‍പുറത്ത് കാവിനും മധ്യേ രണ്ടേക്കറോളം സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന ചിറ വേനലിലും ജലസമൃദ്ധമായിരുന്നു. എന്നാൽ മണ്ണിടിഞ്ഞും മാലിന്യം ഒഴുകിയെത്തിയും ഇത് വേനല്‍ക്കാലത്ത് കളി മൈതാനമായി മാറുകയാണ്. രാജ ഭരണകാലത്ത് നിര്‍മിച്ച ചിറയുടെ പടവുകള്‍ ഏതാണ്ട് മുഴുവനായി ഇടിഞ്ഞുവീണു. രാജകുടുംബങ്ങളുടെ സഹകരണത്തോടെ ചിറ നവീകരിച്ച് ചുറ്റിലും മനോഹരമായ പാര്‍ക്ക് നിര്‍മിക്കാനും നീന്തല്‍ പരിശീലനത്തിനും ചവിട്ടിത്തുഴയുന്ന ബോട്ടുകള്‍ ഇറക്കി കുട്ടികളുടെ ഉല്ലാസത്തിന് ഉപയോഗിക്കാനും പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പക്ഷെ, പദ്ധതികളൊന്നും ലക്ഷ്യം കണ്ടില്ല. രാജകുടുംബത്തിന്റെ അധീനതയിലുള്ള ചിറ സംരക്ഷിക്കാൻ നഗരസഭയും ജനങ്ങളും തയ്യാറാണെങ്കിലും തടസങ്ങൾ ഏറെ. റോഡ് സുരക്ഷയ്ക്കായി നഗരസഭ ക്രാഷ് ബാരിക്കേഡുകൾ തീർത്തത് ആശ്വാസമാണെങ്കിലും കരയിടിച്ചിൽ ഭീഷണി തുടരുന്നുണ്ട്. മന്നന്‍പുറത്ത് കാവില്‍ പൂരോത്സവ കാലത്ത് പൂരം കുളിക്കും തളിയില്‍ ക്ഷേത്രം ആണ്ടുത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ടിനും ചിറയുടെ രണ്ട് വശങ്ങളില്‍ കടവുകള്‍ നിര്‍മിച്ചിട്ടുണ്ട്. രാജകുടുംബങ്ങളുമായി സഹകരിച്ച് ചിറ സംരക്ഷണവും സൗന്ദര്യവൽക്കരണവും നടത്തിയാൽ ശുദ്ധജല സ്രോതസ്സായും ഉല്ലാസകേന്ദ്രമായും ചിറയെ മാറ്റാം. അധികാരികള്‍ മുന്‍കൈയെടുത്ത് ചിറ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.









0 comments