ad
Deshabhimani

സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്രവർത്തനം നിർത്തിയില്ല

റാണിപുരത്തെ റോപ്പ്‌ വേ അപകട സ്ഥലം പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌ പി രഘുനാഥ്  സന്ദർശിക്കുന്നു​
വെബ് ഡെസ്ക്

Published on Sep 07, 2026, 03:00 AM | 1 min read

രാജപുരം റാണിപുരത്ത്‌ റോപ്പ്‌ വേ പ്രവർത്തനത്തിന്‌ പഞ്ചായത്തിൽനിന്ന്‌ ഒരു തരത്തിലുള്ള അനുമതിയും വാങ്ങിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പി രഘുനാഥ് പറഞ്ഞു. സ്ഥാപനത്തിനെതിരെ പഞ്ചായത്ത്‌ സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. എന്നാൽ എംഎസ്എംഇ അനുമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്‌ പ്രവർത്തിച്ചുവന്നത്. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്രവർത്തനം നിർത്താൻ തയ്യാറായില്ല. വിഷയം ചർച്ചചെയ്യാൻ പഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗം തിങ്കൾ പകൽ 12ന്‌ നടക്കും. അപകടം സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബി സുരേഷ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ ബി രതീഷ് എന്നിവർ സന്ദർശിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ കെ ബി രാമു, സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രശാന്ത് വി ജോസഫ് എന്നിവരും സ്ഥലം സന്ദർശിച്ചു. അപകടത്തിൽപെട്ട് മരിച്ച ചാമുണ്ഡിക്കുന്ന് വാതിൽ മാടിയിലെ സനൂപ് കൃഷ്ണന്റെ വീടും അധികൃതർ സന്ദർശിച്ചു.


സത്യസന്ധമായ അന്വേഷണം വേണം: സിപിഐ എം

രാജപുരം റാണിപുരത്തുണ്ടായ റോപ്പ്‌ വേ അപകടം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പനത്തടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ ദിവസേന നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്‌. സഞ്ചാരികളെ ആകർഷിക്കുന്ന കേബിൾ കാർ പോലുള്ളവ പ്രവർത്തിപ്പിക്കുന്പോൾ ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. എന്നാൽ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട വാതിൽ മാടിയിലെ സനൂപ് കൃഷ്ണന്റെ മരണം എല്ലാവരെയും ദുഖിപ്പിക്കുന്നതാണ്‌. പഞ്ചായത്തിന്റെ അനുമതി പോലുമില്ലാത്ത ഇത്തരം പ്രവർത്തനം അടിയന്തരമായി നിർത്തിവയ്‌ക്കണം. ജനങ്ങൾക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചശേഷം മാത്രമേ ഇതിന്റെ പ്രവർത്തനം തുടങ്ങാൻ ബന്ധപ്പെട്ടവർ അനുമതി നൽകാവൂ. മരിച്ച സനൂപ് കൃഷ്ണന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ ഉടമ തയ്യാറാവണം. അനുമതിയോ വേണ്ടത്ര സുരക്ഷയോ ഇല്ലാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സിപിഐ എം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഏരിയ സെക്രട്ടറി പി ജി മോഹനൻ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home