കാറുകൾ തടഞ്ഞ് ഭീഷണി; പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും പ്രതിക്ക് സ്റ്റേഷൻ ജാമ്യം

മുഹമ്മദ് അൻസാർ
കൊച്ചി: കലൂരിൽ കാർ യാത്രക്കാരെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് പൊലീസ് സ്റ്റേഷനിൽ പ്രത്യേക പരിഗണന ലഭിച്ചതായി ആരോപണം. പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിലാണ് വിമർശനം ശക്തമാകുന്നത്.
മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ അലങ്കാർ ബസിലെ ക്ലീനറും പള്ളുരുത്തി സ്വദേശിയുമായ മുഹമ്മദ് അൻസാറിനെതിരെയാണ് ആരോപണം. ഓഗസ്റ്റ് ഒൻപതിന് പ്രവാസിയും കുടുംബവും സഞ്ചരിച്ച കാർ കലൂരിൽ നടുറോഡിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കാർ ഉടമ ഷാജി ജോസഫ് അന്നുതന്നെ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് ഒരു മാസത്തിലേറെ വൈകി അൻസാറിനെ പൊലീസ് പിടികൂടിയത്. ഇതിനിടെ ആഗസ്ത് 22 ന് പാടിവട്ടത്ത് മറ്റൊരു കാർ യാത്രക്കാരനെയും സമാനമായി തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ബസിൽനിന്ന് അൻസാറിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നോർത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിലിനെയും ഇയാൾ ആക്രമിച്ചെന്നാണ് ആരോപണം. ഉദ്യോഗസ്ഥനെ നെഞ്ചിൽ പിടിച്ചുതള്ളുകയും മുഖത്ത് ഇടിച്ച് നിലത്തേക്ക് തള്ളിയിടുകയും ചെയ്തതായി പറയുന്നു.
ബലപ്രയോഗത്തിലൂടെ പ്രതിയെ സ്റ്റേഷനിലെത്തിച്ചിട്ടും ഗുരുതര വകുപ്പുകൾ ചുമത്താതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് ആരോപണം. വൈകിട്ട് ബസുടമ സ്റ്റേഷനിലെത്തിയതിന് പിന്നാലെ അൻസാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പറയുന്നു.
കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടാൻ വൈകിയതിനു പിന്നാലെ കൃത്യനിർവഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും സ്റ്റേഷൻ ജാമ്യം അനുവദിച്ചതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. സംഭവത്തിൽ പൊലീസിനുള്ളിലും പ്രതിഷേധം ശക്തമാണെന്നാണ് വിവരം.









0 comments