പിറന്നാളിൽ മമ്മൂട്ടിക്ക് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി അധ്യാപകൻ; സ്വീകരിക്കാൻ എത്തുമെന്ന് മെഗാസ്റ്റാർ

മമ്മൂട്ടി ചിത്രങ്ങളുടെ പോസ്റ്ററുകൾ അടങ്ങിയ പുസ്തകവുമായി സെൽവരാജ് ജോസഫ്
തിരുവനന്തപുരം: മമ്മൂട്ടിയുടെ 75–ാം പിറന്നാളിൽ അപൂർവമായൊരു സമ്മാനമൊരുക്കി അധ്യാപകൻ. മമ്മൂട്ടി ഇതുവരെ അഭിനയിച്ച 439 സിനിമകളുടെ പോസ്റ്ററുകൾ ശേഖരിച്ച് ആൽബമൊരുക്കിയാണ് വിഴിഞ്ഞം സെന്റ്‌മേരീസ് സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന സെൽവരാജ് ജോസഫ് തന്റെ ആരാധന പ്രകടിപ്പിക്കുന്നത്. ഇക്കാര്യം മമ്മൂട്ടിയെ അറിയിക്കുകയും അദ്ദേഹം സമ്മാനം സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്‌തിട്ടുണ്ട്.
മമ്മൂട്ടി ആദ്യം അഭിനയിച്ച ചിത്രംമുതൽ പുറത്തിറങ്ങാനിരിക്കുന്ന പദയാത്ര, മട്ടാഞ്ചേരി മാഫിയ എന്നിവയുൾപ്പെടെയുള്ള പോസ്റ്ററുകളാണ് ആൽബത്തിൽ. 400 മലയാളം ചിത്രങ്ങൾ, ഇംഗ്ലീഷ്–1, തമിഴ്–17, ഹിന്ദി–4 (പ്രധാനവേഷത്തിൽ അഭിനയിച്ചതുമാത്രം), തെലുങ്ക്–7, കന്നഡ–1 എന്നിങ്ങനെയാണ് മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങൾ. ഓരോന്നും റിലീസായ ഡേറ്റ് അടിസ്ഥാനത്തിൽ ക്രമമായിട്ടാണ് ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റിലീസാകാത്ത ‘ദേവലോകം’ എ ന്ന ചിത്രത്തിന്റെ പോസ്റ്ററുമുണ്ട്. നാല് വാല്യങ്ങളായിട്ടാണ് ആൽബം.
ലോകത്തുതന്നെ അപൂർവമായ നാണയങ്ങളുടെ ശേഖരത്തിനും ഉടമയാണ് സെൽവരാജ് ജോസഫ്. മമ്മൂട്ടി അഭിനയിച്ച ‘പതിനെട്ടാംപടി’ എന്ന സിനിമയ്ക്കുവേണ്ടി സെൽവരാജ് ജോസഫിന്റെ നാണയശേഖരങ്ങൾ ഉപയോഗിച്ചിട്ടുമുണ്ട്.
മമ്മൂട്ടി അനുവദിച്ച ഡേറ്റിന് സമ്മാനം നൽകാൻ കഴിഞ്ഞില്ലെന്നും എറണാകുളത്ത് ഷൂട്ടിങ് ഉള്ളപ്പോൾ വിളിപ്പിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും സെൽവരാജ് ജോസഫ് പറഞ്ഞു.









0 comments