പാചകവാതകം ഇല്ലെങ്കിലെന്താ? സംസ്ഥാനങ്ങൾക്ക് മണ്ണെണ്ണ അനുവദിച്ച് കേന്ദ്രം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതിരൂക്ഷമായ പാചകവാതക പ്രതിസന്ധി നേരിടുകയാണ് രാജ്യം. പാചകവാതകത്തിന് ബദലായി മണ്ണെണ്ണ ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ ജനങ്ങളോട് പറയാതെ പറയുന്നത്. ഇതിനായി സംസ്ഥാനങ്ങൾക്ക് 48,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചു.
ഹോട്ടലുകൾക്ക് പാചകവാതകത്തിന് പകരമായി കൽക്കരിയും അനുവദിച്ചിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് താല്കാലികമായാണ് അധിക മണ്ണെണ്ണ അനുവദിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ മുന്നിൽക്കണ്ട് മണ്ണെണ്ണയും കൽക്കരിയും ഒരു മാസത്തേക്ക് ഉപയോഗിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
ദുരുപയോഗവും മലിനീകരണ പ്രശ്നങ്ങളും കാരണം രാജ്യത്ത് ഘട്ടം ഘട്ടമായി മണ്ണെണ്ണ നിർത്തലാക്കാൻ ശ്രമിച്ചുവരികയാണ്. ഇതിനിടെയാണ് വീണ്ടും മണ്ണെണ്ണ അടുപ്പ് ഉപയോഗിക്കാൻ കേന്ദ്രം ആവശ്യപ്പെടുന്നത്. വിറകടുപ്പുകൾ, ചാണകം, മണ്ണെണ്ണ അടുപ്പുകൾ എന്നിവ ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളെ മോചിപ്പിക്കാനെന്ന പേരിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന അവതരിപ്പിച്ചിരുന്നു. രാജ്യത്തെ ദരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പാചകവാതക വിതരണം ഉറപ്പാക്കുന്നതിനായിരുന്നു ഈ പദ്ധതി.
പാചകവാതക പ്രതിസന്ധി ജനജീവിതത്തെ സാരമായി ബാധിക്കുമ്പോഴും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇന്ത്യയുടെ എൽപിജി ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. എന്നാൽ ഇറക്കുമതി ചെയ്യുന്ന എൽപിജി സംഭരിച്ചു വെയ്ക്കാൻ രാജ്യത്ത് സംവിധാനങ്ങളില്ല. ഇതിൽനിന്നും മോഡി സർക്കാരിന്റെയും മുൻപ് ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെയും ദീർഘവീക്ഷണമില്ലാത്ത നയങ്ങളാണ് രാജ്യത്തെ അതിരൂക്ഷമായ പാചകവാതക പ്രതിസന്ധിയിൽ എത്തിച്ചതെന്ന് വ്യക്തമാണ്.










0 comments