സ്വർണ്ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ കൂട്ടി; സ്വർണ്ണവില കുതിച്ചുയർന്നേക്കും

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ സ്വർണ്ണം, വെള്ളി ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി തീരുവ കുത്തനെ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയത്.
വിദേശ വിനിമയ കരുതൽ ശേഖരം നിലനിർത്തുന്നതിനും അനാവശ്യമായ വിദേശ വാങ്ങലുകൾ കുറയ്ക്കുന്നതിനുമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. പുതുക്കിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും. ഇതോടെ രാജ്യത്തെ സ്വർണ്ണവിലയിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷം ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചിരുന്നു. എന്നാൽ വിദേശത്ത് നിന്ന് വൻതോതിൽ സ്വർണ്ണം ഒഴുകിയെത്തുന്നതും ഇത് വ്യാപാര കമ്മി വർദ്ധിപ്പിക്കുന്നതുമാണ് വീണ്ടും നികുതി കൂട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. സ്വർണ്ണത്തിന് പുറമെ വെള്ളി ബാറുകളുടെയും ഇറക്കുമതി നികുതി 15 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
നികുതി വർദ്ധനവ് പ്രാദേശിക വിപണിയിൽ സ്വർണ്ണാഭരണങ്ങളുടെ വില വർദ്ധിപ്പിക്കാൻ കാരണമാകും. വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും.








0 comments