ad
Deshabhimani

ഇന്ത്യയിൽ 'സൂപ്പർ എൽ നിനോ' വില്ലനാകുന്നു; റെക്കോർഡ് ചൂടും ഉഷ്ണതരംഗവും തുടരും

Heatwave.jpg
വെബ് ഡെസ്ക്

Published on May 20, 2026, 11:22 AM | 1 min read

ന്യൂഡൽഹി: പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന അസാധാരണമായ വർധനവ് മൂലം രൂപപ്പെടുന്ന 'സൂപ്പർ എൽ നിനോ' (Super El Nino) പ്രതിഭാസം ഇന്ത്യയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്.


ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗത്തിലൂടെയാണ് കടന്നുപോകുന്നത്. വരും മാസങ്ങളിലും രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ചൂട് സാധാരണ നിലയേക്കാൾ ഉയർന്ന നിലയിൽ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തീരദേശ മേഖലകളിലും ഇതിനകം തന്നെ താപനില 44 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഉഷ്ണതരംഗ ദിനങ്ങളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.


എൽ നിനോ പ്രതിഭാസം ശക്തമാകുന്നതോടെ ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയുടെ അളവ് കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് രാജ്യത്തെ കാർഷിക മേഖലയെയും ആഭ്യന്തര ഉത്പാദനത്തെയും കടുത്ത പ്രതിസന്ധിയിലാക്കും.


ജലസ്രോതസ്സുകൾ വറ്റിവരളുന്നതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതും വരും ദിവസങ്ങളിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കും. എൽ നിനോ പ്രതിഭാസം ക്രമേണ ദുർബലമായി 'ലാ നിന' (La Nina) ഘട്ടത്തിലേക്ക് മാറിയാൽ മാത്രമേ വരും വർഷങ്ങളിൽ രാജ്യത്ത് പെയ്തുലഭിക്കുന്ന മഴയുടെ അളവിൽ സ്ഥിരതയുണ്ടാകൂ.


തീവ്രമായ ചൂട് ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്.


രാത്രികാലങ്ങളിൽ പോലും താപനില ഉയർന്നുനിൽക്കുന്നത് ശരീരത്തിന് വിശ്രമം ലഭിക്കുന്നത് തടസ്സപ്പെടുത്തുകയും നിർജ്ജലീകരണം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു.


സൂര്യാതപം തടയുന്നതിനായി ആശുപത്രികളിൽ പ്രത്യേക ഹീറ്റ് സ്ട്രോക്ക് യൂണിറ്റുകൾ സജ്ജീകരിക്കാനും ഒആർഎസ് ലായനികൾ ലഭ്യമാക്കാനും നിർദ്ദേശമുണ്ട്. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും, ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home