ജിഡിപിയിലെ "നേട്ടം' ആളോഹരി വരുമാനത്തിൽ ഇല്ല

ന്യൂഡൽഹി
ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് അവകാശപ്പെടുന്ന കേന്ദ്രസർക്കാർ ആളോഹരി വരുമാനത്തിൽ രാജ്യത്തിന്റെ ദയനീയസ്ഥിതി മറച്ചുപിടിക്കുന്നു. ഐഎംഎഫ് കണക്കുപ്രകാരം ആളോഹരി വരുമാനത്തിൽ 197 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 141–-ാം സ്ഥാനത്താണ്. ഭൂട്ടാൻ അടക്കം ഇന്ത്യയുടെ പല അയൽരാജ്യങ്ങളും ഒട്ടനവധി ആഫ്രിക്കൻ രാജ്യങ്ങളും പട്ടികയിൽ ഏറെ മുന്നിലാണ്. ലാറ്റിൻ അമേരിക്കയിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഇന്ത്യക്ക് മുന്നിലുണ്ട്.
ഐഎംഎഫിന്റെ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്കിലെ കണക്കുകൾ ആധാരമാക്കിയാണ് നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്‌മണ്യം കഴിഞ്ഞ ദിവസം ജിഡിപി കണക്കിൽ ജപ്പാനെ ഇന്ത്യ മറികടന്നെന്ന് അവകാശപ്പെട്ടത്.
എന്നാൽ ജപ്പാനെ ഇന്ത്യ മറികടന്നില്ലെന്നും നടപ്പു സാമ്പത്തികവർഷം അവസാനത്തോടെ മാത്രമേ അത് സാധ്യമാകുമെന്നുമുള്ള റിപ്പോർട്ട് പിന്നീട് പുറത്തുവന്നു. നിലവിൽ 4.026 ലക്ഷം കോടി ഡോളറാണ് ജപ്പാന്റെ ജിഡിപി. ഇന്ത്യയുടേത് 3.909 ലക്ഷം കോടി ഡോളറും. നടപ്പു സാമ്പത്തികവർഷം അവസാനത്തോടെ ഇന്ത്യയുടെ ജിഡിപി 4.187 ലക്ഷം കോടി ഡോളറിൽ എത്തുമെന്നാണ് ഐഎംഎഫ് അനുമാനം. ജപ്പാന്റെ ജിഡിപി ഈ ഘട്ടത്തിൽ 4.186 ലക്ഷം കോടി ഡോളറായിരിക്കും.
ഇന്ത്യയിലെ ജനങ്ങളുടെ ആളോഹരി വരുമാനം 2.44 ലക്ഷം രൂപ മാത്രം. ജിഡിപി കണക്കിൽ ഏറ്റവും മുന്നിലുള്ള 10 രാജ്യങ്ങളിൽ ആളോഹരി വരുമാനം ഏറ്റവും കുറവാണിത്. ജിഡിപി കണക്കിൽ പത്താമതുള്ള ബ്രസീലിന്റെ ആളോഹരി വരുമാനം 8.46 ലക്ഷം രൂപ. അമേരിക്കയുടെ ആളോഹരി വരുമാനം 75.74 ലക്ഷവും ചൈനയുടേത് 11.63 ലക്ഷം രൂപയുമാണ്. ജിഡിപിയിൽ ഇന്ത്യ മറികടന്നുവെന്ന് അവകാശപ്പെടുന്ന ജപ്പാന്റെ ആളോഹരി വരുമാനം 28.87 ലക്ഷം രൂപയാണ്. ഇന്ത്യയുടെ ആളോഹരി വരുമാനത്തിന്റെ 12 മടങ്ങ്.








0 comments