ad
Deshabhimani

എബോള: രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Ebola.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 02, 2026, 02:33 PM | 1 min read

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. നിലവിൽ ഇന്ത്യയിൽ എവിടെയും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങൾ ഭീതിയിലാകേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.


എന്നാൽ എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ കർശന നിരീക്ഷണത്തിൽ തുടരണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് റിപ്പോർട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത മന്ത്രാലയം എടുത്തുപറഞ്ഞു. കൃത്യസമയത്തുള്ള ഇടപെടലുകൾ ജീവൻ രക്ഷിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും നിർണായകമാണ്.


കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ എബോള ബാധിത രാജ്യങ്ങളിൽ സന്ദർശനം നടത്തുകയോ അത്തരം രാജ്യങ്ങൾ വഴി യാത്ര ചെയ്യുകയോ ചെയ്തവർ സ്വന്തം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കണം.


പനി, കടുത്ത തലവേദന, പേശി വേദന, ഛർദ്ദി, വയറിളക്കം, ശരീരഭാഗങ്ങളിൽ നിന്നുള്ള അകാരണമായ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും പ്രാദേശിക ആരോഗ്യ അധികൃതരെ വിവരം അറിയിക്കുകയും വേണം.


സംശയങ്ങൾക്കും സഹായങ്ങൾക്കുമായി കേന്ദ്ര സർക്കാരിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറായ 1075-ൽ ബന്ധപ്പെടാവുന്നതാണ്. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം, സ്രവങ്ങൾ, മറ്റ് ശരീരകോശങ്ങൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്.


രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന പരമാവധി സമയ പരിധിയായ 21 ദിവസത്തെ നിരീക്ഷണമാണ് നിലവിൽ വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പ് വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home