പശ്ചിമേഷ്യയിലെ നയതന്ത്ര മൗനം ഇന്ത്യക്ക് വിനയാകുമോ? ഊർജ സുരക്ഷയും ട്രംപിന്റെ ഭീഷണിയും

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്കൻ സാമ്രാജ്യത്വം ഇറാനെ ലക്ഷ്യമിട്ട് യുദ്ധസന്നാഹങ്ങൾ ശക്തമാക്കുമ്പോഴും വ്യക്തമായ നിലപാടില്ലാതെ ഇന്ത്യ. ഇറാനെതിരായ സൈനിക നീക്കങ്ങളിലും ഉപരോധ ഭീഷണികളിലും ഇന്ത്യ പുലർത്തുന്ന 'നിശബ്ദത' അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാവുകയാണ്. ഗൾഫ് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കരുത്തുപകരുന്നതിന് പകരം അമേരിക്കയുടെ സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് വഴങ്ങുന്ന നയതന്ത്രമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമാണ്.
ചരിത്രപരമായി ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യ നിലവിലെ പ്രതിസന്ധിയിൽ മൗനം പാലിക്കുന്നത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെയും സാമ്പത്തിക താല്പര്യങ്ങളെയും ബാധിക്കും. അമേരിക്കയെ പിണക്കാതിരിക്കാൻ നടത്തുന്ന ഈ നിശബ്ദത ഇറാനുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ കാരണമായേക്കും. ഇന്ത്യ ഈ വിഷയത്തിൽ മൗനം തുടരുന്നതിനിടെയാണ് ഇറാനിലെ എണ്ണ വിതരണം തടസപ്പെടുത്തുമെന്നും, ഇന്ത്യയേയും ചൈനയേയും അത് ബാധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ട്രംപ് ഭരണകൂടം ഇറാനെതിരെ പ്രഖ്യാപിച്ചിട്ടുള്ള ഏകപക്ഷീയമായ നടപടികളെ പരസ്യമായി എതിർക്കാൻ ഇന്ത്യ തയ്യാറാകാത്തത് അമേരിക്കൻ സമ്മർദത്തിന് വഴങ്ങുന്നതിന്റെ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികളുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന വിഷയമായിട്ടും ക്രിയാത്മകമായ ഇടപെടലുകൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
അമേരിക്കൻ താല്പര്യങ്ങൾക്ക് മുൻപിൽ വിധേയത്വം പ്രകടിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ട്രംപിന്റെ പുതിയ ഭീഷണികളോടുള്ള രാജ്യത്തിന്റെ മൗനം. ഇറാനിൽ നിന്നുള്ള എണ്ണ വിതരണം തടയുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ഇന്ത്യയുടെ ഊർജ മേഖലയെ നേരിട്ട് ബാധിക്കുന്ന ഒന്നായിട്ടും പ്രതിഷേധം രേഖപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.
റഷ്യൻ എണ്ണ വാങ്ങുന്ന കാര്യത്തിൽ അമേരിക്കയുടെ പ്രത്യേക അനുമതിക്കായി കാത്തുനിന്ന ഇന്ത്യയുടെ നിലപാട് പരമാധികാരമുള്ള ഒരു രാഷ്ട്രത്തിന് ചേർന്നതല്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അനുമതി ലഭിച്ചപ്പോൾ തന്നെ സംഘർഷഭരിതമായ സാഹചര്യത്തിനിടയിലും ചൈനയിലേക്കു പോയ റഷ്യൻ കപ്പൽ ഇന്ത്യയിലേക്ക് എത്തി. സ്വന്തം സാമ്പത്തിക - പരമാധികാര നയങ്ങളേക്കാൾ ഉപരിയായി അമേരിക്കയുടെ സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് ഇന്ത്യ മുൻഗണന നൽകുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വിശ്വസ്തത തകർക്കാൻ മാത്രമേ ഉപകരിക്കൂ.
ഭീകരവാദത്തിനെതിരായ പോരാട്ടമെന്ന് അവകാശപ്പെടുമ്പോഴും മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന സാമ്രാജ്യത്വ നീക്കങ്ങളെ നിശബ്ദമായി പിന്തുണക്കുകയാണ് ഇന്ത്യ. ചേരിചേരാ നയത്തിൽ നിന്ന് വ്യതിചലിച്ച് അമേരിക്കൻ പക്ഷത്തേക്ക് രാജ്യം കൂടുതൽ അടുക്കുന്നത് ഏഷ്യൻ മേഖലയിലെ ഇന്ത്യയുടെ സ്വാധീനം ഇല്ലാതാക്കാൻ മാത്രമേ സഹായിക്കൂ. സമാധാനത്തിന്റെ പക്ഷത്ത് നിൽക്കാതെ മൗനം പാലിക്കുന്നതിലൂടെ യുദ്ധക്കൊതിയന്മാർക്ക് പരോക്ഷ പിന്തുണ നൽകുകയാണ് ഇന്ത്യയെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിമർശിക്കുന്നു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നെതന്യാഹുവിനെതിരെയുള്ള യുദ്ധക്കുറ്റങ്ങൾ നിലനിൽക്കുമ്പോഴും മോദി നെതന്യാഹുവിനെ പ്രിയ സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചത്. പലപ്പോഴും സാമ്രാജ്യത്വ നടപടികൾക്ക് കുട പിടിക്കുന്ന നിലപാടുകളാണ് മോദി തുടർന്നിട്ടുള്ളത്. ഇസ്രയേൽ - യുഎസ് സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യ പ്രതികരിച്ചത്.
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ ആവർത്തിച്ച് വിട്ടുനിന്നിരുന്നു. 2024ൽ ഇസ്രയേലിനെതിരായ ആയുധ ഉപരോധ പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടുനിന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇസ്രയേൽ - യുഎസ് സഖ്യം പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മോദി ഇസ്രയേൽ സന്ദർശിച്ചത്.










0 comments