ad
Deshabhimani

അസമിൽ ലോഹസംസ്കരണശാലയിൽ സ്ഫോടനം; നാല് തൊഴിലാളികൾ മരിച്ചു

assam factory explosion
വെബ് ഡെസ്ക്

Published on Jul 26, 2026, 09:08 PM | 1 min read

കച്ചാർ: അസമിലെ കച്ചാർ ജില്ലയിൽ ലോഹസംസ്കരണശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് തൊഴിലാളികൾ മരിച്ചു. ഉദർബോണ്ടിലെ കേഡ് ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ എൽഎൽപിയുടെ യൂണിറ്റിൽ ഞായറാഴ്ച രാവിലെ 11ഓടെയാണ് ഉരുകിയ ലോഹം പൊട്ടിത്തെറിച്ചത്. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു.


അപ്പു ബറൈക്, കിരൺ മുണ്ട, ശ്യാമൾ ഗൗർ, ത്രിപുര അഗർത്തല സ്വദേശി സാഗർ നാഥ് എന്നിവരാണ് മരിച്ചത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞശേഷം പോസ്റ്റ്മോർട്ടത്തിനായി സിൽച്ചർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


പൊലീസും അഗ്നിരക്ഷാസേനയും അടിയന്തരസേവന വിഭാഗങ്ങളും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ചിലർക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളതെന്നും ചികിത്സയ്ക്കുശേഷം വീടുകളിലേക്ക് മടങ്ങിയതായും അധികൃതർ അറിയിച്ചു.


സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും ജില്ലാ ലേബർ കമീഷണറുടെ പരിശോധനയും പ്രഖ്യാപിച്ചു. തൊഴിലാളികൾക്കുള്ള നിർബന്ധിത സുരക്ഷാസംവിധാനങ്ങൾ പാലിച്ചിരുന്നോയെന്നും സ്ഫോടനത്തിന്റെ കൃത്യമായ കാരണമെന്തെന്നും പരിശോധിക്കുമെന്ന് അസം മന്ത്രി കൗശിക് റായ് പറഞ്ഞു.


മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഫാക്ടറി ഉടമകളിൽനിന്നും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.


ഇതിന് മുമ്പും ഫാക്ടറിയിൽ ചെറിയ തോതിലുള്ള സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവ അധികൃതരെ അറിയിക്കാതെ മറച്ചുവച്ചതായും നാട്ടുകാർ ആരോപിച്ചു. ഞായറാഴ്ചത്തെ അപകടവും ആദ്യം മറച്ചുവയ്ക്കാൻ മാനേജ്മെന്റ് ശ്രമിച്ചതായി മരിച്ച അപ്പു ബറൈക്കിന്റെ കുടുംബവും ആരോപിച്ചു. ആരോപണങ്ങൾ ഉൾപ്പെടെ അന്വേഷിക്കുമെന്ന് സർക്കാർ അറിയിച്ചു.


ആവർത്തിച്ച സുരക്ഷാവീഴ്ചകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാർ ഫാക്ടറിക്ക് മുന്നിൽ പ്രതിഷേധിച്ചു. കമ്പനിയുടെ ഉടമകളിൽനിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home