ad
Deshabhimani

ഭക്ഷണം നൽകുന്നത് ഏത് നിയമപ്രകാരമാണ് കുറ്റം?: വിദ്യാർഥി പ്രക്ഷോഭത്തിനുശേഷം അറസ്റ്റിലായ ജുനൈദ്

junaid cjp up
വെബ് ഡെസ്ക്

Published on Jul 26, 2026, 09:29 PM | 2 min read

ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭകർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച സന്നദ്ധപ്രവർത്തകൻ മുഹമ്മദ് ജുനൈദിനെ കണ്ണുകെട്ടി മണിക്കൂറുകളോളം വാഹനത്തിൽ കൊണ്ടുപോയതായി വെളിപ്പെടുത്തൽ. വെള്ളിയാഴ്ച രാത്രി ആർഎംഎൽ ആശുപത്രിക്ക് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത ജുനൈദിനെ ഞായറാഴ്ചയാണ് വിട്ടയച്ചത്. തിരിച്ചെത്തിയശേഷമാണ് പൊലീസ് കസ്റ്റഡിയിലുണ്ടായ അനുഭവവും കുടുംബത്തിനുനേരെയുണ്ടായ സമ്മർദവും ജുനൈദ് വിശദീകരിച്ചത്.


നായ കടിച്ചതിനെ തുടർന്ന് പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പെടുക്കാനാണ് ജുനൈദ് ആർഎംഎൽ ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽനിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെ 50–60 മീറ്റർ പിന്നിട്ടപ്പോൾ വാഹനം തടഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.


ആദ്യം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് മനസ്സിലായില്ല. തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ അത് കാണിച്ചു. വാഹനത്തിൽവച്ചുതന്നെ മൊബൈൽ ഫോൺ വാങ്ങി പരിശോധിച്ചതായും രാത്രി മുഴുവൻ കസ്റ്റഡിയിൽ കഴിഞ്ഞതായും ജുനൈദ് പറഞ്ഞു.


അടുത്ത ദിവസം രാവിലെ ഒരു ഉദ്യോഗസ്ഥൻ എത്തി പ്രക്ഷോഭത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചു. ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള പണം എവിടെനിന്നാണ് ലഭിക്കുന്നതെന്നും ഇത്രയും വലിയ സംവിധാനം എങ്ങനെ നടത്തുന്നതെന്നും ചോദിച്ചു. പത്തുമുതൽ പതിനഞ്ച് മിനിറ്റുവരെ ചോദ്യംചെയ്തശേഷം ഉടൻ വിട്ടയക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് കണ്ണുകെട്ടി വാഹനത്തിൽ കയറ്റുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.


“അഞ്ചോ ആറോ മണിക്കൂർ വാഹനം തുടർച്ചയായി സഞ്ചരിച്ചു. കണ്ണിലെ കെട്ട് മാറ്റിയപ്പോൾ ചുറ്റും മലകളായിരുന്നു. എവിടെയാണെന്ന് ചോദിച്ചപ്പോൾ ഉത്തരാഖണ്ഡിലെ മുസ്സൂരിയാണെന്ന് പറഞ്ഞു” എന്ന് ജുനൈദ് വെളിപ്പെടുത്തി.


കസ്റ്റഡിയിലിരിക്കെ പൊലീസ് മർദിച്ചിട്ടില്ലെന്നും ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നിർദേശങ്ങൾ അനുസരിച്ച് ജോലി ചെയ്ത ഉദ്യോഗസ്ഥരോട് വ്യക്തിപരമായി വിരോധമില്ലെന്നും ജുനൈദ് കൂട്ടിച്ചേർത്തു.


എന്നാൽ തന്റെ കുടുംബാംഗങ്ങളെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. രണ്ടുമൂന്നു ദിവസം മുമ്പ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പിതാവ് മുസ്തഫയെ പൊലീസ് വീട്ടിൽനിന്ന് കൊണ്ടുപോയത്. രാത്രിയോടെ വിട്ടയച്ചെങ്കിലും ആവശ്യമുണ്ടെങ്കിൽ വീണ്ടും ഹാജരാകണമെന്ന് നിർദേശിച്ചു. ബാങ്ക് പാസ്‌ബുക്കുകളും ആധാർ കാർഡും പൊലീസ് കൊണ്ടുപോയതായും ജുനൈദ് പറഞ്ഞു.


അടുത്ത ദിവസം പിതാവിനെ വീണ്ടും പൊലീസ് കൊണ്ടുപോയി. സഹോദരിയുടെ ഭർതൃപിതാവിനെയും ഭാര്യാസഹോദരനെയും പൊലീസ് സ്റ്റേഷനിലെത്തിച്ചതായും അദ്ദേഹം ആരോപിച്ചു.


“ഇതിൽ എന്റെ കുടുംബം എന്ത് തെറ്റാണ് ചെയ്തത്? വിദ്യാർഥികൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നത് കുറ്റമാണെങ്കിൽ അത് ഭരണഘടനയിലെ ഏത് വകുപ്പിലാണ് എഴുതിയിരിക്കുന്നത്?” എന്ന് ജുനൈദ് ചോദിച്ചു.


ധർമേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്നുള്ള വിജയാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനെക്കുറിച്ച് സംസാരിക്കവെ ജുനൈദ് വികാരാധീനനായി. “ആദ്യദിവസംമുതൽ ഞങ്ങൾ പോരാടിയ ആവശ്യത്തിന്റെ വിജയനിമിഷത്തിൽ മറ്റുള്ളവർക്കൊപ്പം നിൽക്കാനായില്ല. പൊലീസ് കസ്റ്റഡിയിലായതിനാലാണ് പങ്കെടുക്കാൻ കഴിയാതിരുന്നത്” എന്ന് അദ്ദേഹം പറഞ്ഞു.


ലക്ഷക്കണക്കിന് വിദ്യാർഥികൾ നേരിട്ട അനീതിക്കും അടിച്ചമർത്തലിനുമെതിരെയാണ് തങ്ങൾ ജന്തർ മന്തറിലെത്തിയത്. ധർമേന്ദ്ര പ്രധാന്റെ രാജി വിദ്യാർഥികളുടെയും സമരത്തിനൊപ്പം നിന്ന എല്ലാവരുടെയും ഐക്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.


ജൂലൈ 20ലെ പൊലീസ് നടപടിയിൽ സമരപ്പന്തലും ഭക്ഷണവിതരണ സ്റ്റാളുകളും പൂർണമായി തകർത്തിരുന്നു. എന്നാൽ അവ വീണ്ടും പണിതുയർത്തി സമരം തുടർന്നു. “രാജ്യത്തിന്റെ താൽപര്യത്തിനും വിദ്യാർഥികളുടെ അവകാശങ്ങൾക്കും വേണ്ടിയാണ് ഞങ്ങൾ അവിടെ നിന്നത്. വിദ്യാർഥിശക്തിയാണ് രാഷ്ട്രശക്തി” എന്നും ജുനൈദ് പറഞ്ഞു.


രാജസ്ഥാനിൽ പാരാമെഡിക്കൽ പരീക്ഷാ ചോദ്യപ്പേപ്പർ ലക്ഷങ്ങൾക്കു വിൽക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ ജുനൈദ്, പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അയോഗ്യരെ മുന്നിലെത്തിക്കുന്നത് രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്നും പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ ചികിത്സ ഉൾപ്പെടെയുള്ള പൊതുസേവനങ്ങളുടെ നിലവാരത്തെപ്പോലും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


അഭിഭാഷകനായ ജുനൈദ് ജുഡീഷ്യൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. രാജ്യത്തിന്റെ നട്ടെല്ല് വിദ്യാഭ്യാസ സംവിധാനമാണെന്നും പൊതുബജറ്റിന്റെ പത്ത് ശതമാനം വിദ്യാഭ്യാസത്തിനും പത്ത് ശതമാനം ആരോഗ്യത്തിനുമായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്ത് നിരവധി സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയതായും ജനസംഖ്യ വർധിക്കുമ്പോൾ സ്കൂളുകളുടെ എണ്ണം കുറയുന്നത് ആശങ്കാജനകമാണെന്നും പറഞ്ഞു.


ജന്തർ മന്തറിലെത്തിയപ്പോൾ പ്രതിഷേധക്കാർ കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടുന്നത് കണ്ടതോടെയാണ് സഹായിക്കാൻ തീരുമാനിച്ചതെന്ന് ജുനൈദ് പറഞ്ഞു. ഒറ്റയ്ക്ക് ആരംഭിച്ച ഭക്ഷണ–വെള്ള വിതരണത്തിലേക്ക് പിന്നീട് നിരവധി പേർ ചേർന്നു.


“വിദ്യാർഥികൾക്ക് ഭക്ഷണം നൽകുന്നത് കുറ്റമാണെങ്കിൽ ആ കുറ്റം ഒരിക്കലല്ല, ആയിരം തവണ ചെയ്യും” എന്നും ജുനൈദ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home