മത്സരിക്കണമെങ്കിൽ പണം നല്‍കണം, രാഷ്ട്രീയം ദുഷിച്ചു: സിദ്ധരാമയ്യ

മൈസൂരു: കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നിലവിലെ രീതിയോടുള്ള അതൃപ്തി പരസ്യമാക്കി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഷ്ട്രീയം ദുഷിച്ചെന്നും സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിന് ഇടമില്ലാതായെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പൊതുപ്രവർത്തനത്തിലും കോൺഗ്രസിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡ്യ ജില്ലയിലെ കെ ആർ പേട്ടിൽ മുൻ സ്പീക്കർ കെ ആർ പേട്ട കൃഷ്ണയുടെ 86–ാം ജന്മവാർഷിക പരിപാടിയിൽ സംസാരിക്കവെയാണ് സിദ്ധരാമയ്യ വിരമിക്കൽ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പത്തുവർഷംകൂടി തുടരണമെന്ന് അനുയായികൾ ആവശ്യപ്പെട്ടെങ്കിലും 2028ൽ വീണ്ടും മത്സരിക്കില്ലെന്ന് വരുണ എംഎൽഎയായ സിദ്ധരാമയ്യ വ്യക്തമാക്കി.
സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് രാഷ്ട്രീയത്തിലെ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. മുൻകാലത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങൾ സ്ഥാനാർഥികൾക്ക് പണം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ ജനങ്ങൾക്ക് പണം നൽകേണ്ട സ്ഥിതിയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
“രാഷ്ട്രീയം ദുഷിച്ചു. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇപ്പോൾ ഇടമില്ല. പ്രായവും ആരോഗ്യസ്ഥിതിയുംകൂടി പരിഗണിച്ചാണ് 2028ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായി തുടരുകയും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യും” എന്ന് അദ്ദേഹം കുറിച്ചു. 1978ൽ താലൂക്ക് ബോർഡ് അംഗമായാണ് സിദ്ധരാമയ്യ പൊതുപ്രവർത്തനം ആരംഭിച്ചത്.
ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം കൈമാറിയതിന് ആഴ്ചകൾക്കുശേഷമാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ഏറെക്കാലം നീണ്ട അധികാരത്തർക്കങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലായിരുന്നു മുഖ്യമന്ത്രി സ്ഥാനമാറ്റം. ഇതിന് പിന്നാലെ രാഷ്ട്രീയം ദുഷിച്ചെന്നും സത്യസന്ധമായ രാഷ്ട്രീയത്തിന് ഇടമില്ലെന്നും സിദ്ധരാമയ്യ പരസ്യമായി പറഞ്ഞത് കോൺഗ്രസിനകത്തെ അസ്വസ്ഥതയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
മെയ് മാസത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഡി കെ ശിവകുമാറിന് വഴിയൊരുക്കിയതിനുശേഷവും പൊതുപ്രവർത്തനത്തിൽ തുടരുമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന ചുമതലകൾ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പണം നൽകിയാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്ന മുൻ മുഖ്യമന്ത്രിയുടെ പരാമർശം പാർടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.









0 comments