ad
Deshabhimani

പ്രതിരോധം, സാങ്കേതികവിദ്യ, നയതന്ത്രം; നാറ്റോ ഉച്ചകോടി ഇന്ത്യക്ക് നൽകുന്ന മുന്നറിയിപ്പുകൾ

NATO

Representative image | REUTERS/Ints Kalnins/File Photo

വെബ് ഡെസ്ക്

Published on Jul 26, 2026, 06:48 PM | 2 min read

ന്യൂഡൽഹി : ലോകമെമ്പാടും നാശം വിതയ്ക്കുന്ന നാറ്റോ സഖ്യകക്ഷികളുടെ രാഷ്ട്രത്തലവന്മാർ ഈ മാസം ആദ്യം അങ്കാറയിൽ ഒത്തുകൂടുകയുണ്ടായി. ഏഷ്യൻ മേഖലയിലേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന നാറ്റോയുടെ അങ്കാറ ഉച്ചകോടിയിൽ നിന്ന് ഇന്ത്യക്ക് ചില മുന്നറിയിപ്പുകൾ ഉയർന്നു വരുന്നുണ്ട്. നിക്ഷേപം, വ്യാവസായിക ശേഷി, നവീകരണം എന്നിവയിലൂടെ രാഷ്ട്രീയ പ്രതിബദ്ധതകൾ സൈനിക ശേഷിയാക്കി മാറ്റുക എന്നതിലായിരുന്നു അങ്കാറയിലെ ഉച്ചകോടിയിൽ നാറ്റോ ശ്രദ്ധ​കേന്ദ്രീകരിച്ചത്.


അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം ഇന്തോ - പസഫിക് മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുക എന്നതാണ്. കിഴക്കൻ, മധ്യ യൂറോപ്യൻ രാജ്യങ്ങളെ ഇതിനോടകം തന്നെ നാറ്റോ വിലക്കെടുത്തു കഴിഞ്ഞു. 1949ൽ സ്ഥാപിതമായപ്പോൾ വെറും 12 രാജ്യങ്ങളായിരുന്ന നാറ്റോയുടെ അം​ഗബലം ഇപ്പോൾ 32 ആയി.


ചൈനയെയും റഷ്യയെയും ലക്ഷ്യം വച്ചുകൊണ്ട് ഇന്തോ - പസഫിക് മേഖലയിൽ പുതിയൊരു സഖ്യം രൂപീകരിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനുള്ള ഉപാധിയാണ് നാറ്റോ സഖ്യം. ഇതിനായി നാറ്റോ സഖ്യകക്ഷികളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഇന്ത്യയെ ഉപയോ​ഗിക്കാനുള്ള നീക്കങ്ങളുമുണ്ട്.


ചേരിചേരാ നയത്തിലൂന്നിയുള്ള വിദേശനയം പിന്തുടരുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാറ്റോയുടെ ഈ യുദ്ധതന്ത്രപരമായ നീക്കങ്ങൾ ഭീഷണിയാണ്. എന്നാൽ അമേരിക്കയുടെയും ട്രംപിന്റെയും വിശ്വസ്തനായ മോഡിക്കും കേന്ദ്ര സർക്കാരിനും ഇതൊന്നും അവരെ ബാധിക്കുന്ന വിഷയമേയല്ല. അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി വിട്ടുവീഴ്ചകൾക്ക് കേന്ദ്രം ഇതിനോടകം തന്നെ തയ്യാറായിട്ടുണ്ട്.


പശ്ചിമേഷ്യയിൽ ഇസ്രയേൽ - യുഎസ് സഖ്യം ആരംഭിച്ച യുദ്ധത്തെ തുടർന്ന് ഇറാൻ ഹോ‌ർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയിലേക്കുള്ള പാചകവാതക, എണ്ണ വിതരണം പൂർണമായി നിലച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ട്രംപിന്റെ സമ്മതത്തിന് പോലും ഇന്ത്യക്ക് കാത്തുനിൽക്കേണ്ടി വന്നു. റഷ്യയുമായുള്ള സൗഹൃദം നാറ്റോയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്.


അങ്കാറയിലെ ഉച്ചകോടിയിൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനാണ് നാറ്റോ തീരുമാനിച്ചത്. ലോകരാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്ന ഇന്ത്യക്ക് ഇത് തിരിച്ചടിയാകും. ഭാവിയിൽ പ്രതിരോധ സേവനങ്ങൾ ലഭിക്കണമെങ്കിൽ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കേണ്ട തലത്തിലേക്ക് ഇന്ത്യക്ക് തീരുമാനങ്ങൾ മാറ്റേണ്ടി വന്നേക്കാം.


പ്രതിരോധം, എഐ, സൈബർ തുടങ്ങിയ പുതിയ കാലത്തെ പ്രതിരോധ സാങ്കേതികവിദ്യകളെയും ആയുധങ്ങളെയും കൂടുതലായി ആശ്രയിക്കുന്നതിനാൽ ഈ സാങ്കേതിക മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. അമിതമായി വിദേശരാജ്യങ്ങളെ ആശ്രയിക്കാതെയും അവരുടെ കൈയിലെ ചട്ടുകമായി മാറാതെയും ഇന്ത്യ തീരുമാനമെടുക്കേണ്ടതുണ്ട്. നാറ്റോയുടെ സാമ്രാജ്യത്വ താല്പര്യങ്ങൾ തിരിച്ചറിഞ്ഞ് ഇന്തോ - പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര സമീപനങ്ങളാണ് ഇന്ത്യ സ്വീകരിക്കേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home