പ്രതിരോധച്ചെലവുകളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : പ്രതിരോധ ചെലവുകൾ കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ. പ്രതിരോധ ചെലവുകളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി) ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ആയുധങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവിടുന്ന ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. 8.67 ലക്ഷം കോടിരൂപയാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ്. അതേസമയം ലോകരാജ്യങ്ങൾ പ്രതിരോധത്തിനായി 2025ൽ മാത്രം 271.75 ലക്ഷം കോടി രൂപ ചെലവഴിച്ചതായും സിപ്രി വെളിപ്പെടുത്തുന്നു.
ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾക്ക് നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കുമ്പോഴാണ് പ്രതിരോധ മേഖലയിലേക്ക് കോടികൾ ഒഴുക്കുന്നത്. അമേരിക്കയും ചൈനയും റഷ്യയും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യയാണ് പട്ടികയിൽ മുന്നിലുള്ളത്. അതിർത്തിയിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് ഈ വൻതുക വകയിരുത്തുന്നത്. എന്നാൽ ആയുധക്കച്ചവടത്തിലെ കോർപ്പറേറ്റ് താല്പര്യങ്ങളും ഇടനിലക്കാരുടെ പങ്കും ഇത്തരം വൻ നിക്ഷേപങ്ങൾക്ക് പിന്നിലുണ്ട്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ പ്രതിരോധ ബജറ്റിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത്യാധുനിക യുദ്ധവിമാനങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്കായി ഇന്ത്യ വൻതുകയാണ് ചെലവിടുന്നത്.
അമേരിക്കൻ ചേരിയുടെ ഭാഗമാകാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾ രാജ്യത്തെ ഒരു വലിയ ആയുധ വിപണിയായി മാറ്റിയിരിക്കുകയാണ്. ആഭ്യന്തര ഉല്പാദനം വർധിപ്പിക്കുമെന്ന് അവകാശപ്പെടുമ്പോഴും ആയുധങ്ങൾ വാങ്ങാനാണ് സർക്കാർ മുൻഗണന നൽകുന്നത്. സാധാരണക്കാരന്റെ നികുതിപ്പണം ജനക്ഷേമ പദ്ധതികൾക്കായി ഉപയോഗിക്കുന്നതിന് പകരം സൈനിക ആവശ്യങ്ങൾക്കായി മാറ്റിവെക്കുന്നത് രാജ്യത്തിന്റെ സാമൂഹിക വളർച്ചയെ പിന്നോട്ടടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ - പാകിസ്ഥാൻ സംഘർഷം സൈനികച്ചെലവ് വർധിപ്പിക്കാൻ കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഗോളതലത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനമാണ് രാജ്യങ്ങൾ സൈനികാവശ്യങ്ങൾക്കായി ചെലവഴിച്ചത്. 2024ൽ ഇത് 2.4 ശതമാനമായിരുന്നു. യൂറോപ്പിന്റെ മാത്രം സൈനികച്ചെലവിൽ 14 ശതമാനമാണ് വർധന. എന്നാൽ അമേരിക്കയുടെ സൈനിക ബജറ്റ് 7.5 ശതമാനം കുറഞ്ഞതായും ചൈനയുടേത് 7.4 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.










0 comments