ഒമ്പത് ദിവസത്തെ എണ്ണ ശേഖരം മാത്രം! കേന്ദ്രത്തിന്റെ വാദം പൊളിയുന്നു

ഹർദീപ് സിങ് പുരി
ന്യൂഡൽഹി : ഇന്ത്യയുടെ ക്രൂഡ് ഓയിൽ ശേഖരം കരുതൽ ശേഖരം (എസ്പിആർ) വെറും 9 ദിവസത്തെ ആവശ്യത്തേക്ക് മാത്രമേ തികയുകയുള്ളൂ എന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിവരാവകാശ രേഖ. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുകയും ആഗോള എണ്ണവിപണി കടുത്ത സമ്മർദത്തിലാവുകയും ചെയ്ത സാഹചര്യത്തിലും ഇന്ത്യയുടെ പക്കൽ ആവശ്യത്തിലധികം എണ്ണയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. രാജ്യത്ത് 74 ദിവസത്തെ കരുതൽ ശേഖരം ഉണ്ടെന്നായിരുന്നു പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അവകാശപ്പെട്ടത്.
ഇനിയും ഇറക്കുമതി തടസപ്പെട്ടാൽ രാജ്യത്തിന്റെ എണ്ണ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ല. നിലവിലുള്ള ശേഖരം പത്ത് ദിവസത്തേക്ക് പോലും തികയില്ല. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഭൂരിഭാഗവും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ഈ മേഖലയിലെ സംഘർഷം വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതി പൂർണമായും നിലച്ചിരുന്നു. ഇറാൻ ഹോർമുസിൽ ഇളവുകൾ വരുത്തിയതോടെ ഇറക്കുമതി ഭാഗികമായി ആരംഭിച്ചിട്ടുണ്ട്.
ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന അസംസ്കൃത എണ്ണയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇന്ത്യയിലെത്തുന്നത് ഈ പാത വഴിയാണ്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ഇന്ത്യയെപ്പോലെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.
യുദ്ധമോ പ്രകൃതിക്ഷോഭമോ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ എണ്ണ വിതരണം തടസപ്പെട്ടാൽ ഉപയോഗിക്കുന്നതിനായി ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുന്ന അസംസ്കൃത എണ്ണയുടെ ശേഖരമാണ് എസ്പിആർ അഥവാ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്.
ഇന്ത്യയുടെ ഊർജ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളാണ് വിവരാവകാശ രേഖയിലുള്ളത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ എണ്ണശേഖരത്തെക്കുറിച്ചുള്ള ഈ കണക്കുകൾ അതീവ ഗൗരവകരമാണ്. മൂന്ന് പ്രധാന കേന്ദ്രങ്ങളിലായി ആകെ 5.33 ദശലക്ഷം മെട്രിക് ടൺ സംഭരണ ശേഷിയാണുള്ളത്. വിശാഖപട്ടണം, മംഗലാപുരം, പാദൂർ എന്നിവയാണ് രാജ്യത്തെ പ്രധാന സംഭരണ കേന്ദ്രങ്ങൾ. നിലവിൽ ആകെ ശേഷിയുടെ 64 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതായത് ഏകദേശം 3.372 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ മാത്രമാണ് ഇപ്പോൾ ശേഖരത്തിലുള്ളത്.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 85 ശതമാനത്തിലധികവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഹോർമുസ് ഇനിയും തടസപ്പെട്ടാൽ ഈ 10 ദിവസത്തിനുള്ളിൽ രാജ്യം വലിയ ഇന്ധന പ്രതിസന്ധിയിലാകും. അന്താരാഷ്‌ട്ര ഉൗർജ ഏജൻസി നിർദേശിക്കുന്നത് രാജ്യങ്ങൾക്ക് 90 ദിവസത്തേക്കുള്ള കരുതൽ ശേഖരം വേണമെന്നാണ്.
2021 ജൂലൈയിൽ സർക്കാർ അംഗീകരിച്ച പദ്ധതികൾ പ്രകാരം ഒഡീഷയിലെ ചന്ദിഖോളിലും കർണാടകയിലെ പാദൂരിലും പുതിയ സംഭരണികൾ വരാനുണ്ട്. ഈ പദ്ധതികൾ പൊതു - സ്വകാര്യ പങ്കാളിത്തത്തിൽ ആരംഭിക്കാനിരുന്നതാണെങ്കിലും ഇതുവരെ പ്രവർത്തനസജ്ജമായിട്ടില്ല.
പശ്ചിമേഷ്യയിലെ യുദ്ധം ആശങ്കാജനകമാണെന്നും എല്ലാ സ്രോതസ്സുകളിൽ നിന്നും പാചകവാതകവും അസംസ്കൃത എണ്ണയും സംഭരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ശ്രമം തുടരുമെന്നും മോദി ഇന്ന് പറഞ്ഞിരുന്നു.










0 comments