ഇന്ത്യ – ചൈന വിമാന സർവീസ് ഈ മാസം പുനരാരംഭിക്കും; ധാരണയായി

ന്യൂഡൽഹി: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കാൻ ധാരണയായി. വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ച സർവീസുകളാണ് പുനരാരംഭിക്കുന്നത്.
നേരിട്ടുള്ള വിമാന സർവീസുകൾ 2025 ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിയുമെന്ന് ധാരണയായെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സർവീസുകളുണ്ടായിരുന്നത്.
കഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്‍സിഒ) ഉച്ചകോടിക്കിടെ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തിരുന്നു. നേരത്തെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയുടെ വിദേശമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. തിബത്തൻ മേഖല വഴിയുള്ള കൈലാസ് മാനസസരോവർ യാത്രയും പുനരാരംഭിക്കും. ചൈനയുമായുള്ള നയതന്ത്ര–-വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.










0 comments