print edition 200 ലക്ഷം കോടി കടന്ന് കേന്ദ്രകടം; ജിഎസ്‌ഡിപി അനുപാതത്തിൽ കേരളം 11–ാമത്

എം പ്രശാന്ത്
Published on Jun 06, 2026, 01:08 AM | 1 min read
ന്യൂഡൽഹി: കേരളം വലിയ കടക്കെണിയിലും സാമ്പത്തികപ്രതിസന്ധിയിലുമാണെന്ന പ്രതീതി സൃഷ്ടിക്കുന്നവർക്ക് കേന്ദ്രകടം 200 ലക്ഷം കോടി കടന്നതിൽ ഒരു വ്യാകുലതയുമില്ല. നടപ്പുവർഷം അവസാനത്തോടെ കേന്ദ്രകടം 218.63 ലക്ഷം കോടിൽ എത്തുമെന്നാണ് ബജറ്റിൽ പറയുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനമിത് 200.53 ലക്ഷം കോടിയായിരുന്നു. ഒറ്റവർഷം 18 ലക്ഷം കോടിയുടെ വർധന.
കേന്ദ്രകടവും ജിഡിപിയുമായുള്ള അനുപാതം 56 ശതമാനമാണ്. കേരളത്തിലിത് 35.5 ശതമാനമാണെന്ന് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ തന്നെ പറയുന്നു. 34 ശതമാനത്തിൽ താഴെയെത്തിയെന്ന റിപ്പോർട്ടുമുണ്ട്. സംസ്ഥാനങ്ങളുടെ ജിഎസ്‌ഡിപി – കടം അനുപാതമെടുത്താൽ നിലവിൽ 11–ാമതാണ് കേരളം. ആകെ കടത്തിന്റെ കാര്യത്തിൽ പത്താമതും.
ഏറ്റവും ഉയർന്ന ജിഎസ്‌ഡിപി കടം അനുപാതം അരുണാൽ പ്രദേശിലാണ് – 57 ശതമാനം. പഞ്ചാബിൽ 47 ശതമാനവും കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ 45.2 ശതമാനവുമാണ്. ബംഗാൾ, ബിഹാർ, രാജസ്ഥാൻ, ആന്ധ്ര, നാഗാലാൻഡ്, മണിപ്പുർ, മേഘാലയ, സിക്കിം സംസ്ഥാനങ്ങളും കേരളത്തിന് മുകളിലാണ്.
ഓരോ അഞ്ചുവർഷം കൂടുമ്പോഴും കേരളത്തിന്റെ കടം ഇരട്ടിയായി വർധിക്കാറുണ്ടെങ്കിലും 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ ഇത് മാറി.
2016ൽ കേരളത്തിന്റെ കടം ജിഎസ്‌ഡിപി അനുപാതം 27.36 ശതമാനമായിരുന്നത് 2019–20 ൽ 20.43 ശതമാനത്തിലേക്ക് കുറച്ചിരുന്നു. എന്നാൽ, കോവിഡ് സൃഷ്ടിച്ച സാമ്പത്തികമുരടിപ്പാണ് വീണ്ടും ഉയരാൻ ഇടയാക്കിയത്.2020–21 ൽ 38.83 ശതമാനമായിരുന്ന കടം അനുപാതം അഞ്ചുവർഷം കൊണ്ട് 34 ശതമാനത്തിലേക്ക് താഴ്‌ത്തിയതും എൽഡിഎഫ് സർക്കാരാണ്.








0 comments