print edition ഉപതെരഞ്ഞെടുപ്പ്: അഞ്ചിടത്ത് എൻഡിഎ, രണ്ടിടത്ത് കോൺഗ്രസ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് എൻഡിഎയ്‌ക്കും രണ്ടിടത്ത് കോൺഗ്രസിനും വിജയം. മഹാരാഷ്‌ട്ര ബാരാമതിയിൽ സുനേത്രാ പവാർ(എൻസിപി) ജയിച്ചു. 2,18,930 വോട്ടിന്റെ ഭൂരിപക്ഷം. ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സുനേത്ര നിലവിൽ ഉപമുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പിൽ എൻസിപി (ശരദ് പവാർ) ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർടികൾ സ്ഥാനാർഥികളെ നിർത്തിയില്ല. രാഹോരിയിൽ ബിജെപി സ്ഥാനാർഥി അക്ഷയ് കർദിലെ ജയിച്ചു. എംഎൽഎ ആയിരുന്ന ശിവാജി കർദിലെ മരിച്ചതിനെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിലാണ് മകൻ മത്സരിച്ച് ജയിച്ചത്.
ഗുജറാത്തിലെ ഉമ്രെത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ 30,743 വോട്ടിന് ബിജെപിയുടെ ഹർഷദ് പാർമർ പരാജയപ്പെടുത്തി. ഹർഷദിന്റെ പിതാവും എംഎൽഎയുമായിരുന്ന ഗോവിന്ദ് പാർമർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ത്രിപുരയിലെ ധർമനഗറിൽ എംഎൽഎയും നിയമസഭ സ്‌പീക്കറുമായിരുന്ന ബിശ്വ ബന്ധു സെന്നിന്റെ മരണത്തെത്തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജഹർ ചക്രവർത്തി ജയിച്ചു.
സിപിഐ എമ്മിലെ അമിതാഭ ദത്തയെ 6001 വോട്ടിനാണ് പരാജയപ്പെടുത്തിയത്. നാഗാലാൻഡിലെ കൊറിദാങ്ങിൽ ദൗചീർ ഇംചെൻ (ബിജെപി) ജയിച്ചു. ദൗചീറിന്റെ പിതാവും എംഎൽഎയുമായിരുന്ന ഇൻകോങ് ഇംചെന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
കർണാടകത്തിലെ ബാഗൽകോട്ടിൽ കോൺഗ്രസ് സ്ഥാനാർഥി ഉമേഷ് മേട്ടി ജയിച്ചു. എംഎൽഎയായിരുന്ന എച്ച് വൈ മേട്ടിയുടെ മരണത്തെ തുടർന്നാണ് മകൻ ഉമേഷ് മേട്ടി രംഗത്തിറങ്ങിയത്. ദാവനഗരെ സൗത്തിൽ കോൺഗ്രസിന്റെ സമർഥ് മല്ലികാർജുന ജയിച്ചു. ദാവൻഗെരെ സൗത്തിൽ എംഎൽഎ ആയിരിക്കെ മരിച്ച ഷാമണൂർ ശിവശങ്കരപ്പയുടെ ചെറുമകനാണ് സമർഥ്. ഗോവയിലെ പോണ്ട മണ്ഡലത്തിലെ ഫലപ്രഖ്യാപനം ബോംബെ ഹൈക്കോടതി തടഞ്ഞു.










0 comments