ഗുജറാത്തിലേക്ക് വരികയായിരുന്ന കപ്പൽ ഇറാൻ പിടിച്ചെടുത്തു; ഹോർമുസ് കടലിടുക്കിൽ സംഘർഷം കനക്കുന്നു

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കവെയാണ് രണ്ട് കപ്പലുകളെ ഇറാന്റെ ഗാർഡുകൾ തടഞ്ഞുനിർത്തി തങ്ങളുടെ തീരത്തേക്ക് കൊണ്ടുപോയത്. ഇതിൽ ഒരു കപ്പൽ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇറാന്റെ നീക്കം. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്രയിലേക്കുള്ള ചരക്കുനീക്കത്തെ ഇറാന്റെ നടപടി ബാധിച്ചേക്കാം.
പിടിച്ചെടുത്ത കപ്പലിൽ എത്ര ഇന്ത്യൻ ജീവനക്കാരുണ്ടെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിദേശകാര്യ മന്ത്രാലയം സാഹചര്യം നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസവും ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഉപരോധം തുടരുകയാണ്. ഉപരോധം അവസാനിപ്പിക്കാതെ സമാധാനചർച്ചകൾക്കില്ലെന്ന് ഇറാൻ അറിയിച്ചിട്ടും കടുംപിടിത്തം തുടരുകയാണ് അമേരിക്ക.
കപ്പലുകൾ വിട്ടുകിട്ടുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഉപരോധം നീക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ ഭരണകൂടം.










0 comments