Deshabhimani

print edition ഗ്യാനേഷിന്റെ പ്രതീകാത്മക ഇംപീച്ച്‌മെന്റ്‌ നാളെ; മഹാറാലിയില്‍ 10 ലക്ഷം പേർ അണിനിരക്കും

Gyanesh Kumar.jpg

ഗ്യാനേഷ്‌ കുമാർ

വെബ് ഡെസ്ക്

Published on Oct 29, 2026, 12:13 AM | 1 min read

ന്യൂഡൽഹി : ‘ജനാധിപത്യം സംരക്ഷിക്കുക, വോട്ടുകള്ളൻമാരെ പുറത്താക്കുക’– എന്ന മുദ്രാവാക്യമുയർത്തി നവംബർ ഒന്നിന്‌ രാംലീലാ മൈതാനിയിൽ നടത്തുന്ന മഹാറാലിയിൽ 10 ലക്ഷത്തോളം പേർ അണിനിരക്കുമെന്ന്‌ ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കുക, എസ്‌ഐആർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള റാലിയിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിച്ച്‌ ആളുകൾ പങ്കെടുക്കും.


സിജെപി നേതാക്കള്‍ റാലിക്ക് പിന്തുണ പ്രഖ്യാപിച്ചു. റാലിക്ക്‌ മുന്നോടിയായി വെള്ളിയാഴ്‌ച മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച്‌ ചെയ്യും. പകൽ 3.30ന്‌ രാജ്യസഭ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാര്‍ഗിലെ വസതിയിൽ പ്രതീകാത്മക ഇംപീച്ച്‌മെന്റ്‌ നടത്താനാണ്‌ തീരുമാനം.


അശോകാഹോട്ടലിന്റെ പുൽത്തകിടിയിൽ പരിപാടി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്‌. ഹോട്ടൽ അധികൃതർ അനുമതിയും നൽകി. ഡൽഹി പൊലീസ്‌ ഇടപെട്ടതിനെതുടർന്ന്‌ ഹോട്ടൽ അധികൃതർ പരിപാടി അവിടെ പറ്റില്ലെന്ന്‌ അറിയിച്ചു. 25 മുതൽ നവംബർ മൂന്ന്‌ വരെ രാംലീലാ മൈതാനി ഇന്ത്യ കൂട്ടായ്‌മ നേരത്തെ ബുക്ക്‌ ചെയ്‌തതാണ്‌.


അവിടെ ഇംപീച്ച്‌മെന്റിന്‌ ഒരുക്കം തുടങ്ങിയപ്പോൾ ഡൽഹി പൊലീസ്‌ തടഞ്ഞു. മറ്റ്‌ നിരവധി വേദികളിൽ പരിപാടി നടത്താൻ ശ്രമിച്ചെങ്കിലും ബിജെപി ഇടപെട്ട്‌ അതെല്ലാം തടസ്സപ്പെടുത്തി. പ്രതീകാത്മക ഇംപീച്ച്‌മെന്റിനുശേഷം നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്‌ മാർച്ച്‌ നടത്താൻ സാധ്യതയുണ്ടെന്നാണ്‌ ഡൽഹി പൊലീസിന്റെ കണക്കുകൂട്ടൽ. അത്‌ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന്‌ ഡൽഹി പൊലീസ്‌ വൃത്തങ്ങൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home