എംപിമാരെ വലിച്ചിഴച്ചു; ജോൺ ബ്രിട്ടാസും എ എ റഹിമും കസ്റ്റഡിയിൽ; സമരച്ചൂടിൽ രാജ്യതലസ്ഥാനം

ഗ്യാനേഷ് കുമാര്‍ രാജിവയ്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസും എ എ റഹീമും
ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപകടാവസ്ഥയിലാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാര്‍ രാജിവയ്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ അടിച്ചൊതുക്കാൻ നീക്കം. ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ യാതൊരു പ്രകോപനവുമില്ലാതെ സുരക്ഷാസേനയും പൊലീസും അക്രമം അഴിച്ചുവിട്ടു.
ആകാശവാണി ഭവന് മുന്നിൽവെച്ച് പ്രതിഷേധ മാർച്ച് തടഞ്ഞു. എന്നിട്ടും പിന്തിരിഞ്ഞുപോകാതിരുന്ന എംപിമാരെ റോഡിലൂടെ വലിച്ചിഴച്ചുനീക്കി. സിപിഐ എം എംപിമാരായ ജോൺ ബ്രിട്ടാസിനെയും എ എ റഹീമിനെയും കസ്റ്റഡിയിലെടുത്തു. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാ കൂട്ടായ്‌മയിലെ ഇരുന്നൂറോളം എംപിമാരും പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ പ്രതിഷേധം തുടരുകയാണ്. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷ എംപിമാർ പ്രഖ്യാപിച്ചു.
മൂവായിരത്തിലധികം സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിച്ചാണ് പ്രതിഷേധത്തെ കേന്ദ്രസർക്കാർ നേരിടുന്നത്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം രാവിലെ തന്നെ അടച്ചു. ഇതോടെ ജനം ദുരിതത്തിലായി. ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചു.
ഗ്യാനേഷ് കുമാർ ഉടൻ രാജിവയ്‌ക്കുക, എസ്‌ഐആറിന് മുൻപും ശേഷവും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ വിവരങ്ങൾ പുറത്തുവിടുക, എസ്‌ഐആറിന് മുൻപുള്ള വോട്ടർപട്ടിക ഭാവി തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.









0 comments