തിരുവനന്തപുരത്ത് അങ്കണവാടിയിൽ സംഘർഷം; ടീച്ചറെയും ഹെൽപ്പറേയും ബിജെപിക്കാർ കയ്യേറ്റം ചെയ്തെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണം വാർഡിലെ അങ്കണവാടിയിൽ അതിക്രമിച്ചുകയറി അങ്കണവാടി ടീച്ചറെയും ഹെൽപ്പറേയും ബിജെപിക്കാർ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തതായും പരാതി. വാഴവിള അങ്കണവാടിയിലെ അധ്യാപിക ബേബി, ഹെൽപ്പർ സതി കുമാരി എന്നിവരാണ് പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിൻ്റെ 25-ാം വാർഷിക സന്ദേശം പ്രചരിപ്പിക്കുവാനും ടീച്ചറെ അനുമോദിക്കണമെന്ന് പറഞ്ഞാണ് ബിജെപി - ആർഎസ്എസ് പ്രവർത്തകർ അങ്കണവാടിയിൽ എത്തിയത്. എന്നാൽ രാഷ്ട്രീയത്തിന് അതീതമായാണ് അങ്കണവാടികൾ പ്രവർത്തിക്കുന്നതെന്നും സാമൂഹ്യക്ഷേമ വകുപ്പ് നിർദ്ദേശം പ്രകാരം അനുമോദനങ്ങളും ആദരവോളം സ്വീകരിക്കരുതെന്ന് സർക്കുലർ ഉള്ളതായും ടീച്ചർ പ്രവർത്തകരോട് പറഞ്ഞു. ഹെൽപ്പറും അവരെ തടഞ്ഞു.
തുടർന്ന് ബിജെപി - ആർഎസ്എസ് പ്രവർത്തകരായ മഹാദേവപുരം ഉണ്ണി, സോഹയിൽദാസ്, രേഷ്മ എസ് രാജ്, ശ്രീലജ, രജിത എന്നിവരുടെ നേതൃത്വത്തിൽ അങ്കണവാടിയിലേക്ക് ഇരച്ചു കയറുകയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്തു. കുട്ടികളുടെ നിലവിളിയും കൂട്ടക്കരച്ചിലും കേട്ടതോടെ നാട്ടുകാർ ഓടി കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. അപ്പോഴാണ് ആർഎസ്എസ് ബിജെപിക്കാർ പിൻവാങ്ങാൻ തയാറായത്.
ബിജെപി അക്രമത്തിനെതിരെ ശിശുക്ഷേമ സമിതിയിലും പോത്തൻകോട് പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൗൺസിലർ സിന്ധു ശശി പറഞ്ഞു.









0 comments