'വിവാഹം കഴിക്കണം'; വ്ലോഗറെ ശല്യം ചെയ്ത യുവാവിനെ മർദിച്ചുകൊന്നു, പിതാവ് അറസ്റ്റില്‍

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ശല്യംചെയ്ത യുവാവിന് ദാരുണാന്ത്യം. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസർ നേഹ ബിഷ്ടിനെ ഡൽഹിയിലെത്തിയ കാണാനെത്തിയ അഭിനവ് (28) ആണ് മർദനമേറ്റ് മരിച്ചത്. നേഹയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചെന്നറിഞ്ഞതോടെയാണ് യുവാവ് ഡൽഹിയിലെത്തിയത്. നേഹയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിനവ് ഒരാഴ്ചയ്ക്കുശേഷം ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ നേഹയുടെ പിതാവ് വീരേന്ദർ ബിഷ്ട് ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ഗാസിപുർ സ്വദേശിയായ അഭിനവ് ചെന്നൈയിലെ സ്വകാര്യ ഐടി സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നേഹയുടെ വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന ഇയാൾക്ക് യുവതിയോട് ഏകപക്ഷീയമായ പ്രണയം തോന്നുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അഭിനവിനെ നേഹയ്ക്ക് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. നേഹയുടെ വിവാഹം ഡിസംബർ ആദ്യവാരം നടക്കാനിരിക്കുകയായിരുന്നു. വിവാഹനിശ്ചയത്തിന്റെയും വിവാഹ ഒരുക്കങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതറിഞ്ഞതോടെയാണ് അഭിനവ് ചെന്നൈയിൽനിന്ന് രണ്ടായിരത്തിലധികം കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്ക് യാത്ര തിരിച്ചത്.
നവംബർ ഏഴിന് രാത്രി ഒൻപതോടെയാണ് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലുള്ള നേഹയുടെ വീട്ടിൽ അഭിനവ് എത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ തന്നെ വിവാഹം കഴിക്കണമെന്ന് നേഹയോട് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. സംഭവസമയത്ത് നേഹ വീട്ടിലുണ്ടായിരുന്നു. യുവാവിന്റെ അപ്രതീക്ഷിത കടന്നുവരവിൽ പരിഭ്രാന്തരായ കുടുംബാംഗങ്ങളും സമീപവാസികളും ഇയാളെ പിടികൂടി മർദിക്കുകയായിരുന്നു. അഭിനവ് മദ്യലഹരിയിലായിരുന്നുവെന്നാണ് സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ പറയുന്നത്.
വീട്ടിൽ അതിക്രമിച്ച് കയറിയത് മോഷ്ടാവാണെന്ന് സംശയിച്ചാണ് ചിലർ യുവാവിനെ പിടികൂടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തെക്കുറിച്ച് പൊലീസിന് ഒന്നിലധികം ഫോൺവിളികളും ലഭിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ അഭിനവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണത്തിലാണ് അഭിനവിന്റെ ഡൽഹി യാത്രയ്ക്കും നേഹയുടെ വിവാഹത്തിനും പിന്നിലുള്ള ബന്ധം പുറത്തുവന്നത്. രണ്ടുമൂന്ന് മാസം മുമ്പും ഇയാൾ നേഹയുടെ വീടിന് സമീപം എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. നേഹയുടെ സഹോദരന്റെ സുഹൃത്താണെന്ന് പറഞ്ഞ് അന്ന് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
നേഹയുടെ വ്യക്തിപരമായ കാര്യങ്ങൾ പോലും പരാമർശിച്ചുകൊണ്ട് അജ്ഞാത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽനിന്ന് നിരന്തരം സന്ദേശങ്ങൾ ലഭിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, അഭിനവും നേഹയും തമ്മിൽ മുമ്പ് നേരിട്ട് പരിചയമുണ്ടായിരുന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ നേഹയുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും വീട്ടിലെ വാടകക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് (BNS 105) കേസെടുത്ത് ഇവരെ റിമാൻഡ് ചെയ്തു. മർദനത്തിൽ നേഹയുടെ സഹോദരനും അയൽവാസികൾക്കും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വീട്ടിൽ അതിക്രമിച്ച് കയറിയതിനും മർദിച്ചതിനും വെവ്വേറെ കേസുകളാണ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മർദനത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനും, യുവതിയുടെ വിവാഹവിവരം അറിഞ്ഞ് ഡൽഹിയിലെത്തിയ അഭിനവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കാനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.








0 comments