മയിൽപ്പീലി: പൊതുവിദ്യാഭ്യാസ മേഖല സംഘപരിവാറിനു തീറെഴുതാനുള്ള യുഡിഎഫ് അജണ്ടയുടെ ഫലം- പിണറായി വിജയൻ

തിരുവനന്തപുരം: മയിൽപ്പീലി പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ അനുമതി നൽകുന്ന കോടതി ഉത്തരവ് സാധ്യമായത് പൊതുവിദ്യാഭ്യാസ മേഖല സംഘപരിവാറിനു തീറെഴുതാനുള്ള യുഡിഎഫ് സർക്കാരിൻ്റെ അജണ്ടയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് പിണാറായി വിജയൻ. ആദ്യം അനുമതി നൽകിയതിനു ശേഷം പിന്നീടത് റദ്ദ് ചെയ്തത് എന്തിനെന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. അനുമതി ആദ്യം നൽകി, പിന്നീടത് നിഷേധിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കോടതിയിൽ പരീക്ഷ നടത്തിപ്പിന് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെയാണ് സർക്കാർ നീങ്ങിയത്.
മയിൽപ്പീലി പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക പരിഷത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയെ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അംഗമായി യുഡിഎഫ് സർക്കാർ നിയമിച്ചത് ഇതിനു പിന്നിലെ ഗൂഢാലോചന കൂടുതൽ വ്യക്തമാക്കുന്നു. അതിന് അൽപം മുൻപാണ് കരിക്കുലം കമ്മിറ്റിയിൽ ബിജെപി പ്രതിനിധിയെ നിയമിച്ചത്. വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലാക്കാൻ ആർഎസ്എസ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ കഴിഞ്ഞ പത്തു വർഷം കൊണ്ടു കേരളം ഉയർത്തിയ പ്രതിരോധങ്ങളെല്ലാം യുഡിഎഫ് സർക്കാർ തകർക്കുകയാണ്.
സർവ്വകലാശാലകൾ മുതൽ പൊതുവിദ്യാഭ്യാസം വരെ സകലതും കാവിവൽക്കരിക്കാൻ ഒത്താശ ചെയ്യുകയാണ്. അതിശക്തമായ പ്രതിഷേധം ഇതിനെതിരെ ഉണ്ടാകേണ്ടതുണ്ട്. ഈ നാടിൻ്റെ ജനാധിപത്യ മതേതര ശബ്ദം നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി ഉച്ചത്തിൽ ഉയരണമെന്നും പിണറായി വിജയൻ പറഞ്ഞു.







0 comments