Deshabhimani

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20: ത്രിപുരയെ 5 വിക്കറ്റിന് കീഴടക്കി കേരളം; സൽമാൻ നിസാറിന് അർദ്ധസെഞ്ചുറി

t20
വെബ് ഡെസ്ക്

Published on Nov 20, 2026, 06:55 PM | 1 min read

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് വിജയം. അർദ്ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന സൽമാൻ നിസാറാണ് കേരളത്തിന്റെ വിജയശില്പി. ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമാണ് നേടാനായത്. മറുപടിക്കിറങ്ങിയ കേരളം 13 ഓവറിൽ ലക്ഷ്യത്തിലെത്തി. 29 പന്തുകളിൽ അഞ്ച് സിക്സടക്കം 51 റൺസുമായി പുറത്താകാതെ നിന്ന സൽമാൻ നിസാറാണ് പ്ലെയർ ഓഫ് ദി മാച്ച്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ത്രിപുരയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അർക്കപ്രഭ സിൻഹയെ നഷ്ടമായ ത്രിപുര ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 27 റൺസെന്ന നിലയിലായിരുന്നു. 41 റൺസെടുത്ത ശ്രീദം പോളും 31 റൺസെടുത്ത ക്യാപ്റ്റൻ മണിശങ്കർ മുരസിങ്ങും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കേരളത്തിന് വേണ്ടി കെ എം ആസിഫും കാർത്തിക് ബി നായരും ഷറഫുദ്ദീനും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 17 റൺസെടുത്ത ഗോവിന്ദ് ദേവ് പൈയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും സൽമാൻ നിസാറും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 76-ൽ നിൽക്കെ 38 റൺസെടുത്ത രോഹൻ മടങ്ങി. തുടർന്നെത്തിയ വിഷ്ണു വിനോദും (1), അബ്ദുൾ ബാസിദും (8), ഷറഫുദ്ദീനും (2) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാൽ മറുവശത്ത് ഉറച്ചുനിന്ന സൽമാൻ നിസാർ ഏഴോവർ ബാക്കിനിൽക്കെ ടീമിനെ വിജയത്തിലെത്തിച്ചു. ത്രിപുരയ്ക്കായി സന്ദീപ് സർക്കാർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home