ഇറച്ചിയാക്കിയത് 2,700 ൽ അധികം പൂച്ചകളെ: വിയറ്റ്നാമിൽ 12 അംഗ വേട്ടസംഘം വലയിൽ

ഹോ ചി മിൻ സിറ്റി: വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ സംഘടിതമായി പൂച്ചകളെ മോഷ്ടിച്ച് മാംസമാക്കി വിറ്റഴിച്ചിരുന്ന സംഘത്തെ പൊലീസ് കീഴടക്കി. മാഫിയ തലവൻ 39 കാരനായ ലൂ താൻ ബിൻ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ജനവാസ മേഖലകളിലൂടെ മോട്ടോര്‍ സൈക്കിളിൽ സഞ്ചരിച്ച് വലകളും കെണികളും ഉപയോഗിച്ച് പൂച്ചകളെ വലയിലാക്കുന്നതായിരുന്നു ഇവരുടെ രീതി. പിന്നീട് മാംസമാക്കി വിറ്റഴിക്കും. പൂച്ചകളെ കൂട്ടമായി കാണാതാവുന്നതായുള്ള പരാതികൾ തുടര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് നിരീക്ഷണവും അന്വേഷണവും ആരംഭിച്ചത്.
രാത്രി 11 മണിക്കും പുലര്‍ച്ചെ നാല് മണിക്കും ഇടയിലായിരുന്നു കവര്‍ച്ചകൾ ഏറെയും. ഇവര്‍ പൂച്ചകളെ മാത്രമാണ് ലക്ഷ്യമാക്കിയത്. നഗരത്തിന്റെ വടക്കൻ മേഖല കേന്ദ്രീകരിച്ച് മോഷ്ടിച്ച പൂച്ചകളെ പാര്‍പ്പിക്കാൻ പ്രത്യേക കേന്ദ്രവും ഉണ്ടാക്കി. ദിവസവും നാല് മുതൽ പത്ത് പൂച്ചകളെ വരെ വേട്ടയാടി പിടിച്ചു. ലൂ താൻ ബിൻ പൂച്ചകളെ പിടികൂടാനായി ആളുകളെ റിക്രൂട് ചെയ്തിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും ബൈക്കും നൽകി.
താവളത്തിൽ നിന്നും 50 ഓളം പൂച്ചകളെയും അവയെ പിടികൂടാൻ ഉപയോഗിച്ചിരുന്ന കെണികളും വലകളും ഇതര വസ്തുക്കളും പൊലീസ് കണ്ടെത്തി. ഇതുവരെ 2,700 ഓളം പൂച്ചകളെ വേട്ടയാടി പിടിച്ച് വിറ്റഴിച്ചതായി സംഘം ചോദ്യം ചെയ്യലിനിടെ പൊലീസിനോട് സമ്മതിച്ചു.
റെയിഡിൽ പിടിച്ചെടുത്ത 13 പൂച്ചകളുടെ ഉടമസ്ഥരെ കണ്ടെത്തി കൈമാറി. മറ്റുള്ളവയെ മൃഗസംരക്ഷണ കേന്ദ്രത്തിൽ പാര്‍പ്പിച്ചിരിക്കയാണ്. വിയറ്റ്നാം നിയമ പ്രകാരം നായ്ക്കളും പൂച്ചകളും വ്യക്തിഗത സ്വത്താണ്. കഴിഞ്ഞ വര്‍ഷം നാനൂറിലധികം പൂച്ചകളെ കാണാതായ പരാതികൾ ഉണ്ടായതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്യുന്നു.









0 comments