Deshabhimani

തിരുവനന്തപുരം ഗവ. ഹോമിയോ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; നാല് വയസുള്ള കുഞ്ഞിന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്

Homeo.jpg
വെബ് ഡെസ്ക്

Published on Oct 06, 2026, 04:10 PM | 1 min read

ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങൽ ഗവ. ഹോമിയോ ആശുപത്രിയിൽ നാല് വയസുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. മുഖത്തെ കുരു വന്ന പാട് മാറാനുള്ള മരുന്നാണ് കാലാവധി കഴിഞ്ഞിട്ടും ആശുപത്രിയിൽ നിന്ന് നൽകിയത്.


മരുന്നിന്റെ കാലാവധി ശ്രദ്ധിക്കാതെ കുഞ്ഞിന്റെ മുഖത്ത് മരുന്ന് പുരട്ടിയതിനെ തുടർന്ന് ചൊറിച്ചിൽ ആരംഭിച്ചെന്നും പൊള്ളലേറ്റതു പോലെ പൊട്ടിയൊലിക്കുന്ന സ്ഥിതയായെന്നും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.


കല്ലമ്പലം കടുവയിൽ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന തൃശൂർ പുതുക്കാട് സൂര്യഗ്രാമം പുറത്തൂർ ഹൗസിൽ ജിജോ – വർഷ ദമ്പതികളുടെ മകൾ ഇവാനിക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. മാർച്ചിൽ തന്നെ ഈ മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നു.


കുഞ്ഞിന്റെ മുഖത്ത് പൊള്ളലേറ്റ അവസ്ഥയുണ്ടായതോടെയാണ് മരുന്നിന്റെ കാലാവധി കഴിഞ്ഞ വിവരം ഇവർ ശ്രദ്ധിക്കുന്നത്. സംഭവത്തിൽ ഡിഎംഒ ക്കും പ്രതിപക്ഷ നേതാവിനും കുട്ടിയുടെ മാതാവ് പരാതി നൽകിയിരുന്നു. ഡിസ്പാച്ച് ചെയ്യാൻ വെച്ചിരുന്ന മരുന്ന് മാറി നൽകിയതാണെന്നാണ് വിഷയത്തിൽ ആശുപത്രി അധികൃതർ വിശദീകരണം നൽകിയത്.


സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകൾ ഹോമിയോ ആശുപത്രികളിൽ ഉണ്ടെങ്കിൽ ഉടനടി മാറ്റണമെന്ന് ആയുഷ് മിഷനും നിർദ്ദേശം നൽകിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home