ad
Deshabhimani

print edition ഒറ്റക്കെട്ടായി പ്രതിപക്ഷം

opposition

ജന്തർമന്തറിലെ യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പ്രതിപക്ഷ എംപിമാരായ കെ സി വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, 
പി സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, രാജീവ് ശുക്ല തുടങ്ങിയവർ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിൽ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Jul 24, 2026, 02:37 AM | 1 min read

ന്യൂഡൽഹി: ജന്തർമന്തറിൽ ഇരമ്പുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പ്രതിപക്ഷത്തിന്റെ മിന്നലാക്രമണം. ഭരണകൂടം ഉയർത്തിയ വിലക്കും ബാരിക്കേഡും തല്ലിത്തകർത്ത്, കേന്ദ്രത്തിന്റെ സർവ നിയന്ത്രണങ്ങളെയും കാറ്റിൽപ്പറത്തി വ്യാഴാഴ്‌ച രാത്രി ഇന്ത്യാകൂട്ടായ്‌മയിലെ എംപിമാർ തീസ്‌ ജനുവരി മാർഗിലെ ഗാന്ധിസ്‌മൃതിയിലേക്ക് ഇരച്ചുകയറി. രാജ്യത്തിന്റെ വീര്യമായി മാറിയ പോരാടുന്ന യുവത്വത്തിന് മുന്നിൽ കേന്ദ്രഭരണം മുട്ടുമടക്കണമെന്ന പ്രഖ്യാപനത്തോടെയാണ്‌ പ്രതിപക്ഷ നീക്കം.


നീറ്റ്‌ ചോദ്യചോർച്ചയിൽ മനംനൊന്ത്‌ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ജീവനൊടുക്കിയ വിദ്യാർഥികൾക്ക് ആദരാഞ്‌ജലി അർപ്പിക്കാൻ ഗാന്ധിസ്‌മൃതിയിലേക്ക്‌ ഒറ്റക്കെട്ടായി നീങ്ങാനുള്ള പ്രതിപക്ഷ നീക്കം തടയാൻ പൊലീസും സിആർപിഎഫും ആർഎഎഫും പതിനെട്ടടവും പയറ്റി. വ്യാഴം വൈകിട്ട്‌ ആറിന്‌ രാഹുൽ ഗാന്ധിയുടെ വസതിയിലെ ചർച്ചയ്‌ക്ക്‌ ശേഷമാണ്‌ എംപിമാർ മൂന്ന്‌ ബസുകളിൽ ഗാന്ധിസ്‌മൃതിയിലേക്ക്‌ നീങ്ങിയത്‌. ബാരിക്കേഡുകൾ വിന്യസിച്ച്‌ പൊലീസ്‌ ബസുകൾ തടഞ്ഞു. പ്രതിപക്ഷ പാർടി പ്രവർത്തകർ തടസ്സങ്ങള്‍ തള്ളിമാറ്റി എംപിമാരുടെ വാഹനങ്ങൾക്ക്‌ വഴിയൊരുക്കി. മൂന്ന്‌ കിലോമീറ്റർ യാത്രയിൽ എംപിമാരുടെ വാഹനങ്ങൾ തടയാന്‍ പൊലീസ് നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രാത്രി 7.50ഓടെ ഗാന്ധി സ്‌മൃതിയിലെത്തിയ എംപിമാർ ത്രിവർണപതാ കകളും ഭരണഘടനയും ഉയർത്തിപ്പിടിച്ച്‌ ആദരാഞ്‌ജലി അർപ്പിച്ചു.


ഗോഡ്‌സെയുടെ വെടിയേറ്റ്‌ ഗാന്ധി പിടഞ്ഞുവീണ മണ്ണിലെത്തി പോരാടുന്ന യുവത്വത്തിന്‌ ഒറ്റക്കെട്ടായി ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ നടപടി കേന്ദ്രസർക്കാരിന്‌ കനത്ത പ്രഹരമായി. ഗാന്ധിസ്‌മൃതിയുടെ അടുത്താണ്‌ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വസതിയെന്നതും സർക്കാരിന്‌ നാണക്കേടായി. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽഗാന്ധി, ലോക്‌സഭയിലെ സിപിഐ എം നേതാവ്‌ കെ രാധാകൃഷ്‌ണൻ,‍ രാജ്യസഭാനേതാവ്‌ ജോൺബ്രിട്ടാസ്‌, എംപിമാരായ എ എ റഹീം, വി ശിവദാസൻ, സുവെങ്കിടേശൻ പി സന്തോഷ്‌കുമാർ, പി പി സുനീര്‍, കെ സി വേണുഗോപാൽ,‍ പ്രിയങ്കാഗാന്ധി തുടങ്ങിയവരും പങ്കെടുത്തു. ഗാന്ധിസ്‌മൃതിയിൽ ആദരമർപ്പിച്ച ശേഷം ദേശീയഗാനം ആലപിച്ച്‌ എംപിമാർ മടങ്ങി.


കഴിഞ്ഞദിവസങ്ങളിൽ കേന്ദ്രസർക്കാരിന്‌ എതിരെ ഒറ്റയ്‌ക്ക്‌ സമരം നടത്തിയ കോൺഗ്രസിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. രാഹുൽഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ജന്തർമന്തറിൽ പോകാത്തതും വിമർശിക്കപ്പെട്ടു. ഒറ്റയ്‌ക്കുള്ള സമരങ്ങളുമായി ഇനി മുന്നോട്ടുപോകില്ലെന്ന്‌ രാഹുൽ ഇന്ത്യാകൂട്ടായ്‌മ യോഗത്തില്‍ ഉറപ്പുനൽകി. തുടർന്നാണ്‌ എംപിമാർ ഒന്നിച്ച് ഗാന്ധിസ്‌മൃതിയിലെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home