Deshabhimani

മഹാറാലിയില്‍ പത്തുലക്ഷം പേർ അണിനിരക്കും

print edition ചരിത്രവിജയമാകും

rali

റാലിയുടെ പശ്ചാത്തലത്തില്‍ രാംലീല മൈതാനത്ത് കേന്ദ്രസേനയെ വിന്യസിച്ചപ്പോൾ| ഫോട്ടോ: പി വി സുജിത്

avatar
എം അഖിൽ

Published on Oct 30, 2026, 12:15 AM | 2 min read

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശ്വാസ്യത തകർത്ത മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഞായറാഴ്‌ച രാംലീലാ മൈതാനിയിൽ നടക്കുന്ന മഹാറാലി ചരിത്രവിജയമാക്കാനുള്ള ഒരുക്കങ്ങളുമായി ഇന്ത്യാ കൂട്ടായ്‌മ. റാലിയെ മോദി സർക്കാരിനുള്ള ശക്തമായ താക്കീതായി മാറ്റാനാണ്‌ ശ്രമം. ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷം പേരെ എത്തിക്കും. ഉത്തർപ്രദേശിൽ നിന്ന്‌ 50,000 പേരും ഹിമാചൽപ്രദേശിൽ നിന്ന്‌ 20,000 പേരും തെലങ്കാനയിൽ നിന്ന്‌ 15,000 പേരും റാലിയിൽ പങ്കെടുക്കും.


പരമാവധി 10 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ്‌ ശ്രമമെന്ന്‌ ഇന്ത്യാ കൂട്ടായ്‌മ നേതാക്കൾ അറിയിച്ചു. എംപിമാർ,‍ എംഎൽഎമാർ, എംഎൽസിമാർ, യുവജന–വിദ്യാർഥി സംഘടന നേതാക്കൾ, പ‍ൗരസമൂഹ പ്രതിനിധികൾ തുടങ്ങിയവർ റാലിയിൽ അണിനിരക്കും. ഡൽഹിയിലെത്തുന്നവർക്ക്‌ ഹോട്ടലുകളിലും ലോഡ്‌ജുകളിലും എംപിമാരുടെ വസതികളിലും മറ്റും താമസമൊരുക്കും. കോൺഗ്രസ്‌, സമാജ്‌വാദി, ആർജെഡി, ഇടതുപക്ഷ പാർടികൾ തുടങ്ങി ഇന്ത്യാ കൂട്ടായ്‌മയിലെ എല്ലാ കക്ഷികളും റാലി വിജയിപ്പിക്കാൻ പ്രചാരണപ്രവർത്തനങ്ങൾ സജീവമാക്കി.


റാലിക്ക്‌ മുന്നോടിയായി വെള്ളിയാഴ്‌ച രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ സംഘടിപ്പിക്കുന്ന ഗ്യാനേഷ്‌ കുമാറിന്റെ ‘ജനകീയ കുറ്റവിചാരണ’ വൻവിജയമാക്കാനും വ്യാഴാഴ്‌ച ചേർന്ന ഇന്ത്യാ കൂട്ടായ്‌മ യോഗം തീരുമാനിച്ചു. ഖാർഗെയുടെ രാജാജി മാര്‍ഗിലെ വസതിയിൽ ചേർന്ന യോഗം ഇരുപരിപാടികളുടെയും നടപടിക്രമങ്ങൾക്ക്‌ രൂപംനൽകി.


അതേസമയം, റാലിക്ക്‌ ആളെത്താതിരിക്കാൻ കർശന വിലക്കുകളും നിയന്ത്രണങ്ങളുമായി ഡൽഹി പൊലീസ്‌ രംഗത്തെത്തി. ഞായറാഴ്‌ച പകൽ 10 മുതൽ വൈകിട്ട്‌ അഞ്ച്‌ വരെയാണ്‌ റാലിക്ക്‌ അനുമതി. വൈകിട്ട്‌ അഞ്ചിന്‌ റാലി അവസാനിപ്പിച്ച്‌ പിരിയണം. പ്രവേശന കവാടങ്ങൾ, വേദി, ഇരിപ്പിടം, പരിസരങ്ങൾ തുടങ്ങി എല്ലായിടത്തും ക്യാമറകളും റെക്കോർഡിങ്‌ സംവിധാനങ്ങളും വേണം. പ്രതിഷേധത്തിന്‌ എത്തുന്നവർ രാത്രി രാംലീലയിൽ തങ്ങാൻ പാടില്ല. വാഹനങ്ങൾ നിശ്‌ചിത സ്ഥലങ്ങളിൽ പാർക്ക്‌ ചെയ്യണം. സംഘാടകർ ക്ഷണിതാക്കളുടെയും വളന്റിയർമാരുടെയും പട്ടികകൾ കൈമാറണം. രാംലീലയിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക്‌ മാർച്ച്‌ പാടില്ല. പ്രകോപനം ഉണ്ടാക്കുന്ന പ്രസംഗം അനുവദിക്കില്ല. വ്യവസ്ഥകൾ ലംഘിച്ചാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡൽഹി പൊലീസ്‌ അറിയിച്ചു.


തെലങ്കാന, ചത്തീസ്‌ഗഡ സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരെ എത്തിക്കാൻ ഡൽഹിയിലേക്ക്‌ പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന അപേക്ഷ റെയിൽവേ തള്ളിയതായി കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു. ഡൽഹി അതിർത്തിയിൽ വാഹനനിയന്ത്രണം പൊലീസ് കർശനമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home