‘വോട്ടുകൊള്ള’ തുടരാൻ അനുവദിക്കില്ലെന്ന് ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു
പോരാട്ടകാഹളം മുഴക്കി വോട്ട് അധികാർ യാത്ര

വോട്ട് അധികാർ യാത്രയിൽ രാഹുൽഗാന്ധി സംസാരിക്കുന്നു. തേജസ്വി യാദവ്, ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ സമീപം
ന്യൂഡൽഹി
വോട്ടവകാശം ഹനിക്കുന്ന തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസർക്കാരിനും എതിരെ പോരാട്ടകാഹളം മുഴക്കി പ്രതിപക്ഷത്തിന്റെ ‘വോട്ട് അധികാർ യാത്ര’യ്‌ക്ക് ബിഹാറിലെ സാസാറാമിൽ ഉജ്വലതുടക്കം. അടിയന്തരാവസ്ഥയെ മുട്ടുകുത്തിച്ച പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച ബിഹാറിന്റെ മണ്ണിൽനിന്നുള്ള മഹാപ്രക്ഷോഭത്തിന് ലക്ഷങ്ങൾ സാക്ഷിയായി. ബിജെപിയുടെയും കമീഷന്റെയും ‘വോട്ടുകൊള്ള’ തുടരാൻ അനുവദിക്കില്ലെന്ന് ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ‘വോട്ട് ചോരോം ഗദ്ദി ഛോഡോ’ (വോട്ട് കള്ളൻമാരേ, സിംഹാസനം വിട്ടിറങ്ങുക) –സിപിഐ എം നേതാവ് സുഭാഷിണി അലി മുഴക്കിയ മുദ്രാവാക്യം ആയിരങ്ങൾ ഏറ്റുവിളിച്ചു. ഏകാധിപത്യത്തിന് എതിരായ പോരാട്ടം ബിഹാറിൽനിന്നാണ് തുടങ്ങിയത്. ആ പോരാട്ടം ലക്ഷ്യം കണ്ടു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടവും വിജയിക്കും –സുഭാഷിണി പറഞ്ഞു.
ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് അവശതകൾ അവഗണിച്ച് പ്രക്ഷോഭവേദിയിലെത്തി. അടിയന്തരാവസ്ഥയെക്കാൾ മോശം സാഹചര്യമാണ് ഇപ്പോഴെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. കള്ളവോട്ട് ആയുധമാക്കി ജയിക്കുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് കമീഷൻ കൂട്ടുനിൽക്കുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷന് മറുപടിയില്ല –രാഹുൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർജെഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, സിപിഐ നേതാവ് പി സന്തോഷ്‌കുമാർ എംപി, വികാസ് ശീൽ ഇൻസാൻ പാർടി നേതാവ് മുകേഷ് സാഹ്‌നി, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുത്തു.
യാത്ര 16 ദിവസം 23 ജില്ലകളിൽ 1300 കിലോമീറ്റർ സഞ്ചരിക്കും. സെപ്‌തംബർ ഒന്നിന് പട്‌നയിൽ മഹാറാലിയോടെ സമാപിക്കും.









0 comments