പാർലമെന്റില്‍ ചർച്ചയ്ക്ക് തയ്യാറാകാതെ കേന്ദ്രം ; പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്ത്യ കൂട്ടായ്‌മ

ന്യൂഡൽഹി
പാർലമെന്റ് വർഷകാല സമ്മേളനത്തിൽ നിർണായക വിഷയങ്ങളിൽ ചർച്ചകൾ നടത്താത്ത കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ കൂട്ടായ്‌മ. ബിഹാറിലെ ജനാധിപത്യവിരുദ്ധമായ വോട്ടർപട്ടിക തീവ്രപുനഃപരിശോധന(എസ്‌ഐആർ)യടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് തിങ്കളാഴ്‌ച തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച് നടത്തും. കമീഷന്റെ പ്രവർത്തനങ്ങളിലെ ദുരൂഹതയും വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിലെ ക്രമക്കേടുകളും രാജ്യവ്യാപകമായി ചർച്ചയാക്കും.
രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി ആരാകണമെന്നതും ചർച്ചയായി. എസ്‌ഐആറിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭയിലും ശക്തമായ പ്രതിഷേധം തുടരുകയാണ്. പാർലമെന്റിന് പുറത്തും ഇന്ത്യാ കൂട്ടായ്‌മ നേതാക്കൾ പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ, സുപ്രീംകോടതി പരിഗണനയിലുള്ള വിഷയമായതിനാൽ ചട്ടപ്രകാരം ചർച്ച നടത്താൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇതിലെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പ്രചരണ പരിപാടികൾക്ക് തുടക്കംകുറിക്കാനും തീരുമാനമായി.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്), ശരദ് പവാർ (എൻസിപി), ഉദ്ധവ് താക്കറേ (ശിവസേന), അഖിലേഷ് യാദവ് (എസ്‌പി), തേജസ്വി യാദവ് (ആർജെഡി), കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കമൽഹാസൻ (എംഎൻഎം), അഭിഷേക് ബാനർജി (ടിഎംസി), തിരുച്ചി ശിവ (ഡിഎംകെ) തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.









0 comments