ഇന്ത്യ കൂട്ടായ്‌മ യോഗം 7ന്

ന്യൂഡൽഹി
ബിഹാറിലെ വോട്ടർപട്ടിക പുനഃപരിശോധനയുമായി മുന്നോട്ടുപോകുന്ന തെരഞ്ഞെടുപ്പ് കമീഷനെതിരായ നീക്കങ്ങൾ ആലോചിക്കുന്നതിന് ഇന്ത്യാ കൂട്ടായ്‌മയിലെ കക്ഷികൾ വ്യാഴാഴ്‌ച വൈകിട്ട് ഡൽഹിയിൽ യോഗം ചേരും. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പും ചർച്ചാവിഷയമാകും.
ബിഹാർ വോട്ടർപ്പട്ടിക പുനഃപരിശോധനയിൽ പ്രതിഷേധിച്ച് ശനിയാഴ്‌ച തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിന് മുന്നിലേക്ക് മാർച്ചും സംഘടിപ്പിക്കും. ബിഹാറിൽ കമീഷൻ പുറത്തുവിട്ട കരട് വോട്ടർപ്പട്ടികയിൽനിന്ന് 65 ലക്ഷത്തോളം പേർ നീക്കം ചെയ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വിഭാഗക്കാരും സ്‌ത്രീകളുമാണ് കൂട്ടമായി ഒഴിവാക്കപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അനുകൂല സാഹചര്യം സൃഷ്‌ടിക്കാനാണ് പുനഃപരിശോധനയെന്നാണ് പ്രതിപക്ഷ പാർടികളുടെ ആരോപണം. പുനഃപരിശോധനയെ പൗരത്വവുമായി ബന്ധപ്പെടുത്തിയതിനെയും ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ തിരിച്ചറിയൽ രേഖകളായി സ്വീകരിക്കില്ലെന്ന കമീഷൻ നിലപാടിനെയുമാണ് പ്രതിപക്ഷ പാർടികൾ എതിർക്കുന്നത്.
പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പാർടികൾ വിഷയം ഉന്നയിച്ചെങ്കിലും ചർച്ചയ്‌ക്ക് സർക്കാർ വഴങ്ങിയിട്ടില്ല. തിങ്കളാഴ്‌ച പാർലമെന്റ് ചേരുമ്പോഴും വിഷയം പ്രതിപക്ഷം ഉന്നയിക്കും.
തെരഞ്ഞെടുപ്പ് കമീഷനെതിരായി പ്രത്യക്ഷ സമരത്തിലേക്ക് കൂടി നീങ്ങാനാണ് ആലോചന. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർഥിയെ മത്സരിപ്പിക്കാനും പദ്ധതിയുണ്ട്.









0 comments