യുഎസ് താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിച്ച് മോര്‍ക്കോ റൂബിയോ: വിധേയന്‍ മോദി

എം പ്രശാന്ത്
Published on May 24, 2026, 12:30 AM | 2 min read
ന്യൂഡൽഹി
: ഇന്ത്യയുടെ ഉൗർജ– ഇന്ധന പരമാധികാരവും വ്യാപാര– വാണിജ്യ– സാമ്പത്തിക താൽപ്പര്യവുമെല്ലാം യുഎസിന് മുന്നിൽ കൂടുതൽ അടിയറവ് വയ്‌ക്കുമെന്ന് ഉറപ്പാക്കാന്‍ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. യുഎസ് താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിച്ച് മോര്‍ക്കോ റൂബിയോ: വിധേയന്‍ മോദിയുഎസിൽ നിന്നും വെനസ്വേലയിൽ നിന്നുമായി ഇന്ത്യ കൂടുതൽ ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങണമെന്ന നിർദേശം കൂടിക്കാഴ്‌ചയിൽ റൂബിയോ മുന്നോട്ടുവച്ചു.
കാർഷികോൽപ്പന്നങ്ങൾ ഉൾപ്പെടെ യുഎസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവരഹിതമാക്കുക, അമേരിക്കയിൽനിന്ന് കൂടുതൽ പ്രതിരോധ ഉപകരണങ്ങളും റിയാക്ടറുകൾ ഉൾപ്പെടെ ആണവോർജ ഉൽപ്പാദനത്തിന് ആവശ്യമായ ഉപകരണങ്ങളും വാങ്ങുക തുടങ്ങിയ നിർദേശങ്ങളും റൂബിയോ മോദി മുമ്പാകെ വെച്ചു.
കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്ന റഷ്യൻ ക്രൂഡ് ഓയിലും എൽപിജിയും മറ്റും ഇന്ത്യ പൂർണമായും ഉപേക്ഷിക്കണമെന്ന നിലപാടാണ് യുഎസിനുള്ളത്. ഇന്ത്യക്ക് എത്രമാത്രം ഇന്ധനം ആവശ്യമാണോ അത്രമാത്രം ഇന്ധനം വിൽക്കാൻ തയ്യാറാണെന്ന് റൂബിയോ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് നിലവിൽ യുഎസ് നിയന്ത്രണത്തിലുള്ള വെനസ്വേലൻ എണ്ണകൂടി ഇന്ത്യ വാങ്ങണമെന്ന നിബന്ധന മുന്നോട്ടുവെച്ചിട്ടുള്ളത്.
റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ 12 മുതൽ 25 ദിവസത്തിനുള്ളിലും ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ ഒരാഴ്‌ചയ്‌ക്കുള്ളിലും ഇന്ത്യയിലെത്തും. എന്നാൽ യുഎസിൽ നിന്നുള്ള ക്രൂഡോയിൽ എത്താൻ 55 ദിവസം വരെയും വെനന്വേലയിൽ നിന്നുള്ള ക്രൂഡോയിൽ എത്താൻ 45 ദിവസം വരെയും വേണം. യുഎസ് താക്കീതിനെ തുടർന്ന് ഇറാൻ എണ്ണ നേരത്തെ തന്നെ മോദി സർക്കാർ ഉപേക്ഷിച്ചിരുന്നു. നിലവിൽ റഷ്യൻ എണ്ണയും ഗണ്യമായി കുറച്ചു.
പകരം ചെലവുകൂടിയതും സമയം എടുക്കുന്നതുമായ യുഎസ്– വെനസ്വേലൻ ക്രൂഡ് ഓയിലിലേക്ക് അമേരിക്കൻ നിർദേശപ്രകാരം ഇന്ത്യ തിരിയുകയാണ്.
ഇന്ത്യ– യുഎസ് വ്യാപാര കരാറും റൂബിയോ ചർച്ചാവിഷയമാക്കി. പ്രതിരോധം, തന്ത്രപര സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, ഉൗർജസുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ റൂബിയോയുമായി ചർച്ച ചെയ്‌തുവെന്ന് മോദി അറിയിച്ചു. മോദിയെ യുഎസിലേക്ക് റൂബിയോ ക്ഷണിച്ചിട്ടുണ്ട്. ക്വാഡ് വിദേശമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി നാലുദിവസത്തെ സന്ദർശനത്തിനായി എത്തിയ റൂബിയോ ശനി രാവിലെ കൊൽക്കത്തയിൽ മദർ തെരേസ ഹൗസ് സന്ദർശിച്ചു. ജയ്‌പുരും ആഗ്രയും അടുത്ത ദിവസങ്ങളിൽ സന്ദർശിക്കും.
യുഎസ് ഇമിഗ്രേഷൻ നയം: മിണ്ടാതെ മോദി
ന്യൂഡൽഹി
: ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ദോഷകരമാകുന്ന അമേരിക്കയുടെ പുതിയ ഇമിഗ്രേഷൻ നയം പുനഃപരിശോധിക്കണമെന്ന ആവശ്യം യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ചർച്ചയിൽ മുന്നോട്ടുവെയ്‌ക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. റൂബിയോയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി കാര്യാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ മോദി ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതായി സൂചനയില്ല.
അമേരിക്കയിൽ സ്ഥിരതാമസത്തിനായുള്ള ഗ്രീൻ കാർഡില്ലാത്തവർ അതിന് അപേക്ഷിക്കണമെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന നിബന്ധനയാണ് പുതിയ നയത്തിലുള്ളത്. നേരത്തെ വിദ്യാർഥികൾക്കും ഗവേഷകർക്കും എച്ച്–1ബി വിസക്കാർക്കുമൊക്കെ അമേരിക്കയിൽ നിന്നുകൊണ്ടുതന്നെ ഗ്രീൻ കാർഡിനായി അപേക്ഷിക്കാമായിരുന്നു. കുടുംബ സ്‌പോൺസർഷിപ്പോ, തൊഴിലുടമാ സ്‌പോൺസർഷിപ്പോ ലഭിച്ചാൽ യുഎസിൽ നിന്നുകൊണ്ടു തന്നെ ഗ്രീൻ കാർഡ് അപേക്ഷ നൽകാമെന്ന വ്യവസ്ഥയിലാണ് ഇപ്പോൾ മാറ്റം വരുന്നത്.











0 comments